വെള്ളമുണ്ട: മദ്യപാനികളുടെ അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടി ആദിവാസി കോളനികൾ. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ കോളനികളിലാണ് മദ്യപാനികളുടെ അടിഞ്ഞാട്ടം കാരണം ഉറക്കവും സ്വൈര ജീവിതവും നഷ്ടപ്പെട്ട് ആദിവാസി സ്ത്രീകളും കുട്ടികളും കഴിയുന്നത്. കഴിഞ്ഞദിവസം വെള്ളമുണ്ട എട്ടേനാലിലെ മുണ്ടക്കൽ കോളനിയിലെ രാജു എന്നയാൾ സ്വന്തം കുഞ്ഞിനെയും ഭാര്യയെയും ഉപദ്രവിക്കുകയും ദുരൂഹ സാഹചര്യത്തിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ചില കോളനികളിൽ നടക്കുന്നത്. വ്യാജവാറ്റും പുറത്തുനിന്നെത്തിക്കുന്ന മദ്യവും കോളനികളിൽ സ്വൈര ജീവിതത്തിന് തടസ്സമാവുകയാണ്. കുഞ്ഞ് മരണപ്പെടാൻ ഇടയായ മുണ്ടലിക്കൽ കോളനിയോട് ചേർന്ന് സമീപത്ത് ആലഞ്ചേരിയിൽ വ്യാപകമായ മദ്യ വിൽപന നടക്കുന്നുണ്ട്.
വിദേശമദ്യവും വ്യാജവാറ്റും പരസ്യമായി വിൽപന നടത്തുന്ന നിരവധി കേന്ദ്രങ്ങൾ വെള്ളമുണ്ട പഞ്ചായത്ത് ആസ്ഥാന പരിസരങ്ങളിലുണ്ട്. ഇതിന്റെ ബഹുഭൂരിപക്ഷം ഇരകളും ആദിവാസികളാണ്. വൈകീട്ട് ജോലി കഴിഞ്ഞു വരുന്ന സമയത്ത് ആദിവാസികളെ ഏജന്റുമാർ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കുട്ടികളടക്കം ഇത്തരം അനധികൃത മദ്യവിൽപന കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകരാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരമായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. നേരത്തേ മംഗലശ്ശേരി കോളനിയിൽ വീടിന്റെ ചുമര് ചവിട്ടി പ്പൊളിച്ചതും നിരവധി ആത്മഹത്യകളും അമിത മദ്യപാനം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. പലപ്പോഴും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവരെ പിടികൂടി അൽപനേരം കഴിഞ്ഞ് വിട്ടയക്കുന്നതാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.