വെള്ളമുണ്ട: കടുത്ത വേനലിലും ബാണാസുര മലനിരകളിലെ നീർച്ചാലുകളിൽ നിന്നും ജലചൂഷണം വ്യാപകമായതോടെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി മലയടിവാരത്തിൽ നീർച്ചാലുകളുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അലക്കാനും കുളിക്കാനും ലഭിക്കുന്നത് മലിനജലമാണ്. വൻ ആരോഗ്യ ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു.
മലമുകളിൽ നീർച്ചാലുകൾ തടഞ്ഞു നിർത്തി ശുദ്ധജലം സ്വകാര്യവ്യക്തികൾ തോട്ടം നനക്കാൻ തിരിച്ചുവിടുന്നതാണ് തിരിച്ചടിയായത്. ഇതോടെ ഒഴുക്ക് നിലച്ച താഴ്ഭാഗത്ത് അവശേഷിക്കുന്ന ജലം മലിനവുമാണ്. പുളിഞ്ഞാൽ, നെല്ലിക്കച്ചാൽ, മംഗലശ്ശേരി മലനിരകളിലെ നീർച്ചാലുകളിൽ നിന്നാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി ജലം ഊറ്റുന്നത്.
മലമുകളിലെ നീർച്ചാലുകളിൽ പൈപ്പുകൾ സ്ഥാപിച്ചാണ് ജലചൂഷണം. നീർച്ചാലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത പൈപ്പുകൾ സ്ഥാപിച്ച് താഴെ തോട്ടങ്ങളിൽ സ്ഥാപിച്ച ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
24 മണിക്കൂറും ഇടമുറിയാതെ എത്തുന്ന ജലം ടാങ്കുകളിൽ നിന്നും തോട്ടം നനക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയാണ്. വേനൽ കനക്കുന്നതിന്ന് മുമ്പു തന്നെ വറ്റിയ നീർച്ചാലുകളിൽ വളരെ കുറഞ്ഞ വെള്ളമാണ് ഇപ്പോഴുള്ളത്. ഈ വെള്ളം സ്വകാര്യ തോട്ടം ഉടമകൾ ഊറ്റുന്നതിനാൽ നീർച്ചാലിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ കുടിവെള്ളം മുട്ടുകയാണ്.
നീർച്ചാലിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെളള പദ്ധതികളെയും ഇത് ബാധിക്കുന്നുണ്ട്. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന പുളിഞ്ഞാൽ കുടിവെള്ള പദ്ധതി ഈ നീർച്ചാലുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മലമുകളിലെ അനധികൃത ജല മൂറ്റലിനെതിരെ വ്യാപക പരാതികൾ എല്ലാ വർഷവും ഉണ്ടാവാറുണ്ടെങ്കിലും നടപടികൾ കടലാസിൽ ഒതുങ്ങാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.