വൈത്തിരി: വൈത്തിരി തൈലക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കാട്ടാന വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തൈലക്കുന്നു പുത്തൻപുര പടിഞ്ഞാറേ പുത്തൻപുര കുഞ്ഞിരാമനാണ്(84) പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. തൈലാക്കുന്നിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീട് തകർത്താണ് അകത്തേക്ക് കയറിയത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കുഞ്ഞിരാമനെ കുത്തുകയായിരുന്നു. വീടിനകത്തേക്ക് കയറിയ കൊമ്പൻ വീട്ടിലെ ഫർണിച്ചറുകളും മറ്റു വസ്തുക്കളും തകർത്തു.
കാട്ടാന വീട്ടിൽ കയറിയതോടെ വീട്ടുകാർ ചിതറി ഓടിയെങ്കിലും നിലത്തുവീണ കുഞ്ഞിരാമനെ ആന കുത്തുകയായിരുന്നു. വാരിയെല്ലിനും കാലിനും പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈത്തിരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളിലെത്തി കാട്ടാന വ്യാപക നാശനഷ്ടമുണ്ടാകുമെങ്കിലും വീട്ടിനുള്ളിൽ കയറിയുള്ള ആക്രമണം അപൂർവമാണ്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. രാത്രികാലങ്ങളിൽ വീട്ടിനുള്ളിൽ പോലും സമാധാനമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായ പ്രദേശവാസികൾ പ്രശ്ന പരിഹാരത്തിനായി അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.