മേപ്പാടി(വയനാട്): നൂറുകണക്കിന് ജീവനുകൾ കശക്കിയെറിഞ്ഞ ഉരുൾ ദുരന്തം 11 ദിവസം പിന്നിട്ടിട്ടും ആഘാതത്തിൽനിന്ന് മോചിതരാകാതെ ദുരന്തബാധിതരും നാടും. ഭീതി വിട്ടുമാറാത്ത, ഓർമകളിൽ ഉറക്കം നഷ്ടപ്പെട്ട നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ തകർന്നടിഞ്ഞ മനസ്സുമായാണ് ക്യാമ്പുകളിൽ ദിനരാത്രങ്ങൾ എണ്ണിത്തീർക്കുന്നത്. ജീവനും ജീവിതവും ഒറ്റരാത്രികൊണ്ട് തകിടംമറിഞ്ഞ നൂറുകണക്കിന് കുടുംബങ്ങൾ തങ്ങളുടെ ഉറ്റവരുടെ വിയോഗത്തിൽ നീറിക്കഴിയുമ്പോൾ അവരെ ചേർത്തുപിടിക്കാനുള്ള, ആവശ്യമായ സാന്ത്വനം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾക്ക് ഭരണകൂടവും സന്നദ്ധ സംഘടനകളും തയാറെടുക്കുകയാണ്.
മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത-ഗ്രൂപ് കൗണ്‍സലിങ് നല്‍കുന്നുണ്ട്. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 261 പേര്‍ക്ക് ഗ്രൂപ് കൗണ്‍സലിങ്ങും 368 പേര്‍ക്ക് സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷനും 26 പേര്‍ക്ക് ഫാര്മക്കോതെറപ്പിയും നല്കി. മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം ഇതിനകം തന്നെ രൂപവത്കരിച്ചു. സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരാണ് ടീമിലുള്ളത്. ദുരിതബാധിതരുള്ള എല്ലാ ആശുപത്രികളിലും ക്യാമ്പുകളിലും ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങൾ ഈ ടീം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന ഐഡി കാർഡുള്ളവരെ മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കൂ.
ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾ കഴിഞ്ഞും പ്രത്യക്ഷപ്പെടാം എന്നുള്ളതുകൊണ്ടും ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലം നീണ്ടുനിൽക്കാം എന്നതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകൾ ഊർജിതമായി നിലനിർത്താൻ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് ദുരന്തബാധിത മേഖലയിൽ നടപ്പിലാക്കുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും മനോരോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകാനും ശ്രദ്ധ നൽകും.
മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നൽകും. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റെസ്ക്യൂ മിഷൻ പ്രവർത്തകർ എന്നിവർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ടീം നൽകും.
ടെലി കൗൺസലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും ടെലി മനസ്സ് ടോൾഫ്രീ നമ്പർ 14416ൽ ബന്ധപ്പെടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ കുട്ടികൾക്ക് സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം.
കുട്ടികൾക്ക് ‘കുട്ടിയിടം’
ദൈന്യത നിറഞ്ഞ ക്യാമ്പിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽനിന്ന് കുട്ടികളെ ചിരിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വലിയ സങ്കടങ്ങളെ ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ടു മറികടക്കാനുള്ള ശ്രമങ്ങൾ. മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മലപ്പുറത്തു നിന്നെത്തിയ 12 പേരടങ്ങുന്ന സൈക്കോ സോഷ്യൽ കൗൺസലേഴ്സ് ടീം വനിത ശിശുക്ഷേമ സമിതിയുമായി ചേർന്ന് പാട്ടും നൃത്തവുമൊക്കെയായി സംഘടിപ്പിച്ച ഐസ് ബ്രേക്കിങ് പോലുള്ള പരിപാടികൾ കുട്ടികളെ ഭീതിയുടെ ഉൾവലിയലുകളിൽനിന്ന് പുറത്തെത്തിക്കുന്നുണ്ട്.
ദിവസങ്ങളുടെ ഇടവേളക്കുശേഷം പതുക്കെയാണെങ്കിലും ചിലരെങ്കിലും അവരുടെ കളിയുടെയും ചിരിയുടെയും ലോകത്തേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നു. പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിൽ 12 ക്യാമ്പുകളിലും ‘കുട്ടിയിട’വും ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ടുപോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് കുട്ടികളെ മുക്തരാക്കുക എന്നിവ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം കുട്ടിയിടം ഒരുക്കും.
കോളജ് വിദ്യാര്‍ഥികള്‍ക്കായി കോഓഡിനേഷന്‍ സെല്‍
കൽപറ്റ: ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളിലെ കോളജ് വിദ്യാര്‍ഥികളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോഓഡിനേഷന്‍ സെല്‍ കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍, എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുകള് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെനിന്ന് ആവശ്യമായ സേവനം ലഭിക്കും.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക, പരീക്ഷ എഴുതാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, പുനരധിവാസ നടപടികള്‍ കൈക്കൊള്ളുക എന്നിവയാണ് സെല്ലിന്റെ ചുമതല. ജില്ലയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക പ്രതിനിധികളെ ഉൾക്കൊള്ളിച്ചാണ് സെല്ലിന്റെ പ്രവര്‍ത്തനം.
വിവരശേഖരണത്തിന് അധ്യാപകരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്പ് ഡെസ്കും ഉടന്‍ ആരംഭിക്കും. കോഓഡിനേഷന്‍ സെല്ലിന്റെ നോഡല്‍ ഓഫിസറായി കല്പറ്റ ഗവ. കോളജ് അധ്യാപകന് സോബിന്‍ വര്‍ഗീസിനെ ചുമതലപ്പെടുത്തി. 9496810543 എന്ന നമ്പറില്‍ സെല്ലുമായി ബന്ധപ്പെടാം.
ജില്ലക്കു പുറത്തും സേവനം
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലക്കു പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നുണ്ട്.
ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരില്‍ ആവശ്യമായവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനംകൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീര്‍ഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനനിരതമായി അഞ്ഞൂറിലേറെ ആംബുലന്‍സുകള്‍
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ആംബുലന്‍സുകള്‍ കുതിച്ചുപാഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രികളിലേക്കും പിന്നീട് അവ സംസ്കരിക്കുന്ന ഇടങ്ങളിലേക്കും കൊണ്ടുപോകാനും ആംബുലന്‍സുകള്‍ കര്‍മനിരതമായി.
ആരോഗ്യവകുപ്പിന്റെ കീഴില്‍ വിവിധ ആശുപത്രികളിലുള്ള 50ലേറെ ആംബുലന്‍സുകളും മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ആശുപത്രികളില്‍നിന്നും ഏജന്‍സികളില്‍നിന്നും അടിയന്തരമായി ഏറ്റെടുത്ത 237 ആംബുലന്‍സുകളും രക്ഷാദൗത്യത്തിന്റെ സൈറണ്‍ മുഴക്കി ജില്ലയില്‍ തലങ്ങും വിലങ്ങും ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. ജില്ലക്കു അകത്തും പുറത്തും നിന്നുമായി വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും 200ഓളം സ്വകാര്യ ആംബുലന്‍സുകളും ദുരന്തമേഖലയില്‍ സേവനസജ്ജമായി എത്തി. ആരോഗ്യവകുപ്പിന്റെ കൈവശമുള്ള രണ്ടെണ്ണം ഉള്‍പ്പെടെ അത്യാധുനിക സംവിധാനത്തോടെയുള്ള 36 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ ദുരന്ത മേഖലകളിലും ആശുപത്രികളിലുമായി അടിയന്തര സേവനങ്ങള്‍ നല്കി. ജില്ല ഭരണകൂടങ്ങളുടെയും ജില്ല മെഡിക്കല്‍ ഓഫിസറുടെയും നേതൃത്വത്തില്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍നിന്ന് 11 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും തൃശൂരില്‍നിന്ന് 10 ഫ്രീസര്‍ ആംബുലന്‍സുകളും വിവിധ ആശുപത്രികളിലും ക്യാമ്പുകളിലും ദുരന്ത മേഖലകളിലും സേവനത്തില്‍ മുഴുകി.
ദുരന്ത മേഖലകളിലെയും ആശുപത്രികളിലെയും സേവനങ്ങള്‍ക്കു പുറമെ, ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനങ്ങളും മരുന്നുകളും ഭക്ഷണങ്ങളും അടിയന്തര സാധനങ്ങളും എത്തിക്കാനും ആംബുലന്‍സുകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. നിലവില്‍ ദുരന്തത്തിനു ശേഷമുള്ള അടിയന്തര ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ ആംബുലന്‍സുകള്‍.
വയനാട് ആര്‍ടി.ഒ ഇ. മോഹന്‍ദാസ്, എന്‍ഫോഴ്സ്മെന്റ് ആര്‍ടി.ഒ കെ.ആര്. സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി മേരി ജേക്കബ്, ജില്ല ആർ.സി.എച്ച് ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. ജെറിന് എസ്. ജെറോഡ്, ഫോര്മാന് രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.