കൽപറ്റ: ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ഒരു മണിക്കൂർ ഒരുമിച്ച്’ ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, മറ്റ് ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 640 മാലിന്യക്കൂമ്പാരങ്ങൾ ക്ലീനിങ് ഡ്രൈവിലൂടെ ഇല്ലാതായി. കാമ്പയിനിന്റെ ഭാഗമായി നഗരസഭകളിലെ ഒരോ വാർഡിലെ രണ്ടിടങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ ഒരോ വാർഡിലുമാണ് ക്ലീനിങ് ഡ്രൈവ് നടന്നത്.
വിവിധ സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോർഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ, വിദ്യാർഥികൾ, ഹരിത കർമ സേന, എൻ.എസ്.എസ് വളന്റിയേഴ്സ്, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി. 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികൾ ജില്ലയിലുടനീളം നടക്കും.
കൽപറ്റ: ‘സ്വച്ഛതാ ഹി സേവ’ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്, കല്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, മീനങ്ങാടി, തരിയോട്, പനമരം, പൊരുന്നന്നൂര്‍, പുല്പള്ളി, പേര്യ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, മേപ്പാടി, അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നല്ലൂര്‍നാട് ജി.ടി.എച്ച് എന്നിവിടങ്ങളില്‍ ശുചീകരണത്തിന് ജീവനക്കാര്‍ മുന്നിട്ടിറങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫെയര്‍ലാന്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് ഉദ്ഘാടനം ചെയ്തു.
സുൽത്താൻബത്തേരി: കോളിയാടി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കോളിയാടി മഹ്ളറ അറബിക് കോളജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തുന്നു.
വൈകീട്ട് നാലിന് കോളിയാടിയിൽ ജനകീയ സമിതിയുടെ ഓഫിസ് ഉദ്ഘാടനം നടക്കും. രക്തദാന ക്യാമ്പ് ഡോ. ബാബു വർഗീസ് മാമലയും ജനകീയ സമിതിയുടെ ഓഫിസ് ഉദ്ഘാടനം ഷെറിൻ ഷഹാനയും നിർവഹിക്കും.
സുൽത്താൻ ബത്തേരി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘ഗാന്ധിയെ അറിയാൻ’ പരിപാടിയുടെ ഭാഗമായി അസംപ്ഷൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
സ്കൗട്ട്സ് മാസ്റ്റർ ഷാജി ജോസഫ്, ഗൈഡ്സ് കാപ്റ്റൻ ആനിയമ്മ, സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, ഷാജൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
വൈത്തിരി: മഹാത്മാ ഗാന്ധി ജനിച്ചത് വൈത്തിരിയിലാണോയെന്ന് ജില്ലയിലെത്തുന്ന സഞ്ചരികൾക്ക് സംശയം തോന്നിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗാന്ധി ഗ്രാമം എന്ന പേരിൽ അത്രയധികം ഷോപ്പുകളാണ് വൈത്തിരിയിലുള്ളത്. ഗാന്ധിഗ്രാമം, വയനാട് ഗാന്ധി ഗ്രാമം, ഹരിത ഗാന്ധി ഗ്രാമം, ഗാന്ധിഗ്രാം തുടങ്ങി നിരവധി പേരിലാണ് ഗാന്ധി ഗ്രാമങ്ങളുള്ളത്.
ഇവിടങ്ങളിലെല്ലാം പലവ്യഞ്ജനങ്ങളുടെയും കരകൗശല വസ്തുക്കളുടെയും തേനിന്റെയും കച്ചവടമാണ് നടക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നാണ് അധിക ഗാന്ധി ഗ്രാമങ്ങളും. കോഴിക്കോട് സ്വദേശിയായ ദേവദാസ് വൈദ്യർ (ദേവൻ) ആണ് പൂക്കോട് തടാകത്തോട് ചേർന്ന് ഏകദേശം 35 വർഷണങ്ങൾക്കു മുമ്പ് വയനാട് ഗാന്ധി ഗ്രാമം എന്ന പേരിൽ നാടൻ പലവ്യജ്ഞനത്തിന്റെയും കരകൗശല വസ്തുക്കളുടെയും ഷോപ്പ് തുറന്നത്.
അതിന്റെ ആസ്ഥാനം തളിപ്പുഴയിലാണ്. കേരളത്തിലങ്ങോളമിങ്ങോളം ശാഖകളുള്ള വയനാട് ഗാന്ധി ഗ്രാമമാണ് ആദ്യത്തെ ഗാന്ധിഗ്രാമം. ഇതിന്റെ വിജയവും വളർച്ചയും കണ്ടതോടെ പിന്നെ തലങ്ങും വിലങ്ങും പലപേരിലുള്ള ഗാന്ധിഗ്രാമങ്ങൾ തുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.