തരുവണ: പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നടീലിന്റെ ആഘോഷങ്ങളായി മാറുമ്പോൾ നൂറ്റാണ്ടുകളുടെ ആയുസ്സ് അവകാശപ്പെടാവുന്ന വൃക്ഷമുത്തച്ഛന്മാരെ സംരക്ഷിക്കുവാൻ നടപടിയില്ലെന്ന് ആരോപണം.
സ്വകാര്യ കൃഷിയിടങ്ങളിലും പാതയോരങ്ങളിലും തലയെടുപ്പോടെ നിന്നിരുന്ന വൃക്ഷങ്ങൾ ഒന്നും ഇപ്പോൾ കാണാനില്ല. പാതവികസനത്തിന്റെയും മറ്റു നിർമാണ പ്രവർത്തനങ്ങളുടെയും ഭാഗമായി സർക്കാർ ഭൂമിയിലെ വൻമരങ്ങളെല്ലാം മുറിച്ചുമാറ്റുകയാണ്.
ഗ്രഹനിർമാണ സാങ്കേതികവിദ്യകൾ പാടെ മാറിയതോടെ കൃഷിയിടങ്ങളിൽ നിലനിന്നിരുന്ന മരങ്ങളും പ്ലൈവുഡ് ഫാക്ടറികളിലേക്ക് മുറിച്ചു നീക്കപ്പെട്ടു. ഇപ്പോൾ വൻമരങ്ങൾ കാണണമെങ്കിൽ വനങ്ങളിൽ പോകേണ്ട അവസ്ഥയാണ്.
അപൂർവമായി പുഴ പുറം പോക്കുകളിൽ മാത്രമാണ് വൻമരങ്ങൾ ശേഷിക്കുന്നത്. സാമൂഹികവിരുദ്ധരുടെ ഇടപെടലുകളും ഭൂമി കൈയേറ്റങ്ങളും നിമിത്തം അവയും ഭീഷണി നേരിടുകയാണ്.
വരും തലമുറകൾക്ക് കാണുവാനെങ്കിലും വൻ മരങ്ങളെ സംരക്ഷിക്കുവാൻ അധികൃതർ തയാറാകണമെന്നും അതിനായി ഭരണതല ഇടപെടലുകൾ വേണമെന്നും പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ പുതുശ്ശേരി - കക്കടവ് പുഴയോരങ്ങളിൽ അപൂർവമായി നിലനിൽക്കുന്നുണ്ട്.
കാലിക്കടവിന് സമീപം പുഴയോരത്തുള്ള ഇരുമ്പുക മരം വളരെ പഴക്കമുള്ളതാണ്. ഈ വൃക്ഷമുത്തച്ഛനെ സംരക്ഷിക്കുവാൻ അധികൃതരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.