കൽപറ്റ: കാട്ടുപന്നി ആക്രമണത്തിൽ ഇരുചക്രവാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സുൽത്താൻ ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ സി.കെ. സഹദേവന്റെ വിദഗ്ദ്ധ ചികിത്സക്ക് സർക്കാർ ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇതിനകം നഗരസഭയിൽ നിന്നോ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നോ ചികിത്സ സഹായം ലഭ്യമായിട്ടുണ്ടെങ്കിൽ അത് കുറച്ച് ബാക്കി തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കും വനം സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്.
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനും സുൽത്താൻ ബത്തേരിയുടെ വികസനത്തിനും നിസ്വാർഥതയോടെ പ്രവർത്തിച്ചിരുന്ന ജന നേതാവാണ് സി.കെ. സഹദേവനെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സക്ക് സാമ്പത്തിക സഹായം നൽകേണ്ടത് സർക്കാറിന്റെ ധാർമിക ബാധ്യതയാണെന്നും ഉത്തരവിൽ പറയുന്നു. മാർച്ച് 14ന് രാത്രി ദൊട്ടപ്പൻകുളത്താണ് അപകടമുണ്ടായത്.
കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം സംഭവിച്ചതെന്നും കാട്ടുപന്നി വാഹനത്തിൽ ഇടിച്ചിട്ടില്ലെന്നുമാണ് സുൽത്താൻ ബത്തേരി ഫോറസ്റ്റ് കൺസർവേറ്റർ കമീഷനെ അറിയിച്ചത്. ചികിത്സക്കായി മോട്ടോർ ക്ലെയിം ആക്സിഡൻറ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് വനം വകുപ്പ് അറിയിച്ചത്. ഈ വാദം കമീഷൻ അംഗീകരിച്ചില്ല.
ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്ക് ചെലവായതെന്ന് മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ കമീഷനെ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.