തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയാൻ ഇനി മണിക്കൂർ. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച അവസാനിക്കും. മത്സരരംഗത്ത് ശേഷിക്കുന്നവർക്ക് വൈകീട്ടുതന്നെ ചിഹ്നവും അനുവദിക്കും. ദേശീയപാർട്ടികൾ ഇപ്പോൾതന്നെ സ്വന്തം ചിഹ്നത്തിലാണ് പ്രചാരണം നടത്തുന്നത്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടച്ചൂട് പുതിയ തലത്തിലേക്ക് കടക്കും. അപരന്മാരിലും വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്രരുടെ കാര്യത്തിലുമെല്ലാം തിങ്കളാഴ്ച വൈകീട്ടോടെ വ്യക്തത വരും.
തെരഞ്ഞെടുപ്പ് ഗോദയിൽ ഇക്കുറി വിഷയങ്ങൾക്ക് പഞ്ഞമില്ല. പൗരത്വ നിയമവും തെരഞ്ഞെടുപ്പ് ബോണ്ടുമടക്കം മുന്നിൽ നിരത്തിയാണ് ഇടതുമുന്നണിയുടെ പ്രചാരണം കടന്നാക്രമണവും. പ്രകടന പത്രികയിൽ പൗരത്വ നിയമക്കാര്യത്തിലെ നിശ്ശബ്ദത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ സി.പി.എം ശ്രമിക്കുന്നത്. റിയാസ് മൗലവി കേസിലെ കോടതി വിധിയും സിദ്ധാർഥന്റെ മരണവും മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരിയുടെ സമരവും പാനൂരിലെ സ്ഫോടനവുമടക്കം ആയുധമാക്കിയാണ് കോൺഗ്രസിന്റെ പ്രത്യാക്രമണം.
സി.പി.എമ്മിന്റെ താരപ്രചാരകനായ മുഖ്യമന്ത്രി ഇതിനോടകം ജില്ലകളിൽ പര്യടനം തുടങ്ങിക്കഴിഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി എന്നിവരുടെ കേരള പര്യടനം 15 മുതലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച തുടങ്ങും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി കോൺഗ്രസിന് താരപ്രചാരകരുടെ വലിയ നിരയാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനുമടക്കം വലിയ നിരയെയാണ് ബി.ജെ.പിയും സജ്ജമാക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഞായറാഴ്ച എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി തലസ്ഥാനത്തിറങ്ങിയിരുന്നു. മോദി 15ന് കേരളത്തിലെത്തും.
പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെതന്നെ സർവ ആയുധങ്ങളും പ്രയോഗിച്ച് വോട്ടുസ്വന്തമാക്കാനുള്ള കഠിന ശ്രമത്തിലാണ് മുന്നണികൾ. നാടാകെ പ്രചാരണ സാമഗ്രികൾകൊണ്ട് നിറഞ്ഞു. പ്രചാരണം ശക്തിപ്പെടുത്തി സ്ഥാനാർഥികൾ മണ്ഡലപര്യടനങ്ങൾ നടത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ്. പോസ്റ്ററുകളിലും ഫ്ലക്സ് ബോർഡുകളിലുംനിന്ന് പ്രചാരണം മൈക്ക് സ്ക്വാഡുകളിലേക്ക് വഴിമാറിക്കഴിഞ്ഞു.
ഇതോടൊപ്പംതന്നെ വീടുകയറിയുള്ള സ്കാഡുകളം സജീവം. സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിയായി 204 സ്ഥാനാര്‍ഥികളാണുള്ളത്. 290 പത്രിക സമർപ്പിക്കപ്പെട്ടതിൽനിന്നാണ് 204 ലേക്ക് ചുരുങ്ങിയത്. തിരുവനന്തപുരം -13, ആറ്റിങ്ങല്‍- ഏഴ്, കൊല്ലം -12, പത്തനംതിട്ട -എട്ട് , മാവേലിക്കര -10 , ആലപ്പുഴ- 11 , കോട്ടയം- 14 , ഇടുക്കി-എട്ട് , എറണാകുളം -10 , ചാലക്കുടി -12 , തൃശൂര്‍ -10 , ആലത്തൂര്‍ -അഞ്ച് , പാലക്കാട്- 11 , പൊന്നാനി-എട്ട് , മലപ്പുറം -10, വയനാട്- 10 , കോഴിക്കോട് -13 , വടകര- 11 , കണ്ണൂര്‍ -12 , കാസര്‍കോട് -ഒമ്പത് .
വീടുകയറിയുള്ള പ്രചാരണം ഇനിയും ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.