ലോകസഭ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ചൊവ്വാഴ്ച കൂടി

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ നാളെ (ഏപ്രില്‍ രണ്ട്) കൂടി നകാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള ലോകസഭ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ നോഡല്‍ ഓഫീസര്‍മാര്‍ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

ആബ്‌സെന്റീ വോട്ടര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് തിരഞ്ഞെടുപ്പ് കമീഷന്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍, കോവിഡ് 19 രോഗമുള്ളവരോ കോവിഡ് സംശയിക്കുന്നവരോ ആയവര്‍, അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഫോം 12 ഡിയില്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. ആബ്‌സന്റീ വോട്ടര്‍മാരില്‍ ആദ്യ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ബൂത്ത് തല ഓഫീസര്‍മാര്‍ വഴി വീട്ടിലെത്തി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും.

നാലാമത്തെ വിഭാഗമായ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ്.എന്‍എ.ല്‍, റെയില്‍വേ, പോസ്റ്റ് ആന്റ് ടെലഗ്രാഫ് തുടങ്ങിയവ), മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ എന്നിവയാണ്.

ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ 12 ഡി ഫോമില്‍ അതത് നോഡല്‍ ഓഫീസര്‍മാര്‍ വഴിയോ നേരിട്ടോ വരണാധികാരിക്ക് അപേക്ഷ നല്‍കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ച് 28 ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ടാണ്.

അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്ക് അതത് പാര്‍ലമെന്റ് മണ്ഡലത്തില്‍ പൊതുതിരഞ്ഞെടുപ്പ് തീയതിയായ ഏപ്രില്‍ 26 ന് മൂന്ന് ദിവസം മുമ്പുള്ള തുടര്‍ച്ചയായ ഏതെങ്കിലും മൂന്ന് ദിവസങ്ങളില്‍ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം ഒരുക്കും. ഈ കേന്ദ്രങ്ങളിലെത്തി ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനാവും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം പ്രവര്‍ത്തിക്കുക.

Tags:    
News Summary - Lok Sabha Elections: Application for postal vote can also be submitted on Tuesday (tomorrow).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.