നാനൂറിലധികം സീറ്റാണ് ഇത്തവണ ബി.ജെ.പി സഖ്യം ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നുള്ള സീറ്റുനില രണ്ടക്ക സംഖ്യയിലെത്തുമെന്നും അവർ കണക്കുകൂട്ടുന്നു. രണ്ടക്കം എന്നുപറയുമ്പോൾ അത് കുറഞ്ഞത് പത്ത് സീറ്റ് ആയിരിക്കണം. പ്രവർത്തകരെ ആവേശം കൊള്ളിക്കാനുള്ള ഒരു പ്രഖ്യാപനമായി അതിനെ കണക്കാക്കാമെങ്കിലും ബി.ജെ.പിയുടെ സീറ്റുമോഹത്തെ തീർത്തും തള്ളിക്കളയാനാവില്ല.
തൃശൂരാണ് അവർ കണ്ണുവെക്കുന്ന ഒരു പ്രധാന എ ക്ലാസ് മണ്ഡലം. രാഷ്ട്രീയനിരീക്ഷകരൊക്കെയും ഇക്കുറി തൃശൂരിലെ മത്സരം സാകൂതം വീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷക്കാരനായ തൃശൂർ മേയർ പോലും സുരേഷ് ഗോപി ഫിറ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്. അത് വിവാദമായപ്പോൾ സുരേഷ് ഗോപി മാത്രമല്ല വി. എസ് സുനിൽ കുമാറും കെ. മുരളീധരനും ഫിറ്റാണെന്ന് അദ്ദേഹം തിരുത്തുകയുണ്ടായി. ഇതും വിവാദമായാൽ ഇതൊക്കെ പറയുമ്പോൾ ഞാനും ഫിറ്റായിരുന്നു എന്ന് പറഞ്ഞ് മേയറിന് തടിയൂരാവുന്നതേയുള്ളൂ.
പക്ഷെ ഒരു കാര്യം പറയാതെ വയ്യ. തൃശൂരുകാർ കഴിക്കുന്നത് 'ഭാരത് റൈസ്' ആണെങ്കിലും അവരെ സംബന്ധിച്ച് ഇത് ഇതുവരെയുള്ളതിൽനിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പൊന്നുമല്ല. കാരണം നമ്മൾ ഭാരത് റൈസ് എന്നൊക്കെ പേരിട്ട് വിളിക്കുമെങ്കിലും സംഗതി അരിയാഹാരം തന്നെയാണല്ലോ!
അതുകൊണ്ട് തുടക്കത്തിൽ തൃശൂരായിരുന്നു ബി.ജെ.പിയുടെ ഒരു പ്രധാന എ ക്ലാസ് മണ്ഡലമെങ്കിലും ഇപ്പോൾ അത് മാറിയ മട്ടാണ്. പറഞ്ഞുവരുന്നത്, മാടമ്പള്ളിയിലെ യഥാർഥ എം.പി സുരേഷ് ഗോപി ആയിരിക്കില്ല. അത് ബി.ജെ.പിയുടെ ഡബ്ള്യു ക്ലാസ് മണ്ഡലമായ വയനാട്ടിൽ നിന്നായിരിക്കും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. നമുക്കറിയാമല്ലോ, സുൽത്താൻ ബത്തേരിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ആ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുക എന്നുള്ളത്.
അതിനുവേണ്ടി അവർ നടത്താത്ത പ്രക്ഷോഭങ്ങളില്ല. സമർപ്പിക്കാതെ ഭീമഹർജികളില്ല. കഴിപ്പിക്കാത്ത വഴിപാടുകളില്ല. പക്ഷെ എന്തിനും ഒരു സമയമുണ്ടല്ലോ. ഒക്കെ ഒരു നിയോഗമാണ്. അല്ലെങ്കിൽ ഇക്കുറി മത്സരിക്കുന്നില്ല എന്നും പറഞ്ഞ് ഡൽഹിക്ക് പുറപ്പെട്ട സുരേന്ദ്രൻജി വയനാട്ടിൽ എത്തുമോ?
സുൽത്താൻ ബത്തേരിയുടെ വികസനമുരടിപ്പിന് കാരണം ആ പേരാണെന്ന് നമുക്കറിയുന്ന കാര്യമാണ്. പണ്ട് ടിപ്പു സുൽത്താൻ തന്റെ പടക്കോപ്പുകൾ സൂക്ഷിച്ചുവെച്ചിരുന്ന സ്ഥലമാണ് ഇതെന്നും ബ്രിട്ടീഷുകാർ ഇതിനെ 'സുൽത്താൻസ് ബാറ്ററി' എന്ന് വിളിച്ചെന്നും ഐതീഹ്യം ഉണ്ട്.
പക്ഷെ ഐതീഹ്യത്തെക്കാൾ വലുതാണ് ചരിത്രസത്യം. അതുകൊണ്ട് ഒരു പേരുമാറ്റം അത്യാവശ്യമാണ്. പേരുമാറ്റം കൊണ്ട് വികസനത്തിന്റെയും വിജയത്തിന്റെയും പാതയിലേക്ക് എത്തിയ നിരവധി സ്ഥലങ്ങളും സ്ഥാപനങ്ങളും ഈ ഇന്ത്യയിൽ.. ഛെ, ഭാരതത്തിൽ ഉണ്ടല്ലോ.
അഴിമതി ഇല്ലായ്മ ചെയ്യുകയാണ് കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രസർക്കാറിന്റെ പ്രധാനലക്ഷ്യമെന്ന് നരേന്ദ്ര മോദി ഈയിടെ പറഞ്ഞത് എതിരാളികൾ പോലും സമ്മതിക്കും. ഇപ്പോൾ അഴിമതിയെന്ന് കേൾക്കാനുണ്ടോ? ഇല്ല. കാരണം അഴിമതിയുടെ പേര് മാറ്റിയാണല്ലോ നമ്മൾ ഇലക്ടറൽ ബോണ്ട് എന്നാക്കിയത്.
പഴശ്ശിയുടെ മണ്ണിൽ കാലുകുത്തിയ ഉടനെ സുരേന്ദ്രൻജി നടത്തിയ 'ഗണപതിവട്ടം പ്രഖ്യാപനം' ബത്തേരി നിവാസികൾ ഏറ്റെടുത്തുകഴിഞ്ഞു. വിഘ്നേശ്വരന്റെ തുണയില്ലാതെ ഒരടി മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. ആനയിറങ്ങുന്ന വയനാടൻ മാമലയിൽ ഗജമുഖനല്ലാതെ ആര് തുണ? കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അയ്യപ്പനായിരുന്നല്ലോ തുണ.
അയ്യപ്പൻ തുണച്ചില്ലെന്ന് പറയാനാവില്ല, ജനങ്ങളെയാണെന്ന് മാത്രം. അതുസാരമില്ല. ഒരു തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും പരാജയവുമൊക്കെ സ്വാഭാവികമാണ്!
വയനാട്ടിൽ ഇക്കുറി മത്സരം സുരേന്ദ്രൻജിയും ടിപ്പു സുൽത്താനും തമ്മിലാണ്. അല്ലെങ്കിലും മത്സരത്തിനിറങ്ങുമ്പോൾ എതിരാളികൾ ആരാണെന്ന് നോക്കുന്ന ശീലം സുരേന്ദ്രൻജിക്കില്ല. ഗണപതിവട്ടം നിവാസികളുടെ മാത്രമല്ല, വായനാട്ടുകാരുടെ മൊത്തം വോട്ടും അടപടലം ഇക്കുറി അദ്ദേഹം തൂക്കും.
ഇതുവരെ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നടക്കുന്ന വോട്ടെണ്ണൽ സുരേന്ദ്രൻജിയെ സംബന്ധിച്ച് ഉള്ളിയുടെ തൊലി പൊളിക്കുന്നതുപോലുള്ള ഒരേർപ്പാടായിരുന്നു. പക്ഷെ ഇക്കുറി കളി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.