തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുടെ പേരിൽ രാഷ്ട്രീയ വിവാദം കൊഴുക്കുമ്പോഴും തീരുമാനം നീട്ടിവെച്ച് ഗവർണർ. ഓർഡിനൻസ് അംഗീകരിക്കാനോ സർക്കാറിലേക്ക് തിരിച്ചയക്കാനോ ഗവർണർ തയാറായിട്ടില്ല. മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷമേ ഭേദഗതി കാര്യത്തിൽ ഗവർണറുടെ തീരുമാനം ഉണ്ടാകൂ എന്ന് ഏകദേശം ഉറപ്പായി.
നിയമഭേദഗതിയിൽ ഗവർണർ ആവശ്യപ്പെട്ട പ്രകാരം സര്ക്കാര് നൽകിയ വിശദീകരണം ചോദ്യംചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വീണ്ടും കത്ത് നല്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യു.ഡി.എഫ് പ്രതിനിധിസംഘം നിയമഭേദഗതിക്ക് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ തടസ്സവാദങ്ങളിലാണ് ഗവർണർ സർക്കാറിന്റെ വിശദീകരണം തേടിയത്. ഭേദഗതി നിർദേശങ്ങളിൽ ഔദ്യോഗികമായി ഗവർണർ ഇതേവരെ നിയമോപദേശം തേടിയിട്ടില്ല. ചില അനൗപചാരിക കൂടിയാലോചനകൾ നടത്തിയതായി അറിയുന്നുണ്ട്. ഔദ്യോഗികമായി നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചാൽ അതും മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ ഉണ്ടാകൂ.ലോകായുക്ത നിയമഭേദഗതിക്കെതിരെ സി.പി.ഐ സംസ്ഥാന കമ്മിറ്റിയിലുയർന്ന രൂക്ഷ വിമർശനങ്ങൾ പ്രതിപക്ഷവാദങ്ങൾക്ക് ശക്തി പകരുന്നതാണ്.
സഖ്യകക്ഷി ഉയർത്തുന്ന എതിർപ്പിന്റെ ഗൗരവം മനസ്സിലാക്കിയ സി.പി.എം നേതൃത്വം, കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാൻ തീരുമാനിച്ചുകഴിഞ്ഞു. നിയമഭേദഗതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സി.പി.എം തീരുമാനം. വൈകിയാലും ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുമെന്ന പ്രതീക്ഷ സി.പി.എം ഉപേക്ഷിച്ചിട്ടില്ല. ഓർഡിനൻസ് തിരിച്ചയക്കുകയോ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുംവരെ തീരുമാനം നീട്ടിക്കൊണ്ടു പോകുകയോ ചെയ്താൽ നിയമസഭയിൽ ബില്ലായി ഭേദഗതി കൊണ്ടുവരാനാണ് സി.പി.എം ആലോചിക്കുന്നത്. ഇപ്പോൾ സ്വീകരിച്ച നിലപാടിൽനിന്ന് പിൻമാറാൻ വേഗത്തിൽ സി.പി.ഐ നേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തിൽ സി.പി.എമ്മിന് അവരെ എത്രമാത്രം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കുമെന്നതിൽ സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.