ലോകായുക്ത വിവാദത്തിൽ സി.പി.എം അനുനയ നീക്കം, കാനവുമായി കോടിയേരി വൈകീട്ട് ചർച്ച നടത്തും

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ അനുനയ നീക്കവുമായി സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും. ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ രാഷ്ട്രീയ ചർച്ച നടക്കാത്തതിലെ അതൃപ്തി കാനം കോടിയേരിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് സി.പി.എമ്മിനും കോടിയേരിക്കും എതിരെ രൂക്ഷ വിമർശനമാണ് മുഖ്യ ഘടകകക്ഷിയായ സി.പി.ഐ നടത്തിയത്. നിയമസഭ കൂടാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന ചോദ്യമാണ് കാനം രാജേന്ദ്രനും അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും മുന്നോട്ടുവെക്കുന്നത്. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ നിയമ ഭേദഗതിയല്ല വേണ്ടതെന്നും കാനം പറഞ്ഞത്.

കോടിയേരിയുടെ നിലപാടിനെ പരസ്യമായി എതിർത്താണ് പ്രകാശ് ബാബു രംഗത്തെത്തിയത്. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്നും കേന്ദ്ര ഇടപെടൽ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറക്കാനാകില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കുന്നു.

ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. ഓർഡിനൻസിൽ വേണ്ടത്ര കൂടിയാലോചനകൾ എൽ.ഡി.എഫിനുള്ളിൽ നടന്നില്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും പ്രകാശ് ബാബു പറഞ്ഞു.

ഇടത് മുന്നണിയിൽ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടു വരണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യമായ ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ല. ലോകായുക്ത നിയമം വരുമ്പോൾ രാഷ്ട്രീയ ചർച്ച നടന്നിരുന്നു. ഭേദഗതി വരുമ്പോഴും അത് ഉണ്ടാകണമെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Lokayukta: Kodiyeri will hold discussions with Kanam in the evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.