തിരുവനന്തപുരം: ഗവർണർ ഒപ്പുവെച്ചെങ്കിലും ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ വിവാദങ്ങൾക്ക് അവസാനമില്ല. ഇടതുമുന്നണിയിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുകയാണ്. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ കൊണ്ടുവന്നാലും പുതുക്കാൻ മന്ത്രിസഭയിൽ കൊണ്ടുവരേണ്ടിവന്നാലും സി.പി.ഐ നിലപാട് ഇടതുമുന്നണിയിൽ സുപ്രധാനമാകും. സി.പി.ഐയുമായി പ്രശ്ന പരിഹാരത്തിനാകും മുന്നണിനേതൃത്വത്തിന്റെ ആദ്യ പരിഗണന.
ഓർഡിനൻസ് ഗവർണർ അംഗീകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷം നിയമനടപടി ആലോചിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടിവിലേക്ക് മാറുന്നുവെന്ന വിമർശനം ചില നിയമവിദഗ്ധർ ഉന്നയിക്കുകയും ചെയ്യുന്നു. നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാപരമല്ലെങ്കിൽ അത് പരിശോധിക്കേണ്ടത് കോടതിയാണെന്ന വാദമാണ് അവർ ഉയർത്തുന്നത്. വിവാദം തങ്ങൾക്ക് രാഷ്ട്രീയനേട്ടമായെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സി.പി.ഐയുടെ വിയോജിപ്പ് കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി നേട്ടമുണ്ടാക്കാനാകും അവരുടെ ശ്രമം.
പ്രതിപക്ഷം ഓർഡിനൻസിനെതിരെ ഉയർത്തിയ വാദങ്ങളെല്ലാം ഗവർണർ തള്ളിയിരിക്കുകയാണ്. അനുമതിക്കായി ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്ന ആവശ്യവും ഗവർണർ തള്ളി.
മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരായ പരാതികൾ ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് നിയമഭേദഗതിക്ക് സർക്കാർ നീങ്ങിയത്. ഇതിൽ മന്ത്രി ബിന്ദുവിനെതിരായ പരാതി ലോകായുക്ത തള്ളിയിരുന്നു. ദുരിതാശ്വാസ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരാതി ഫെബ്രുവരി 11ന് പരിഗണിക്കും.
ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ല നിയമഭേദഗതിയെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. നിലവിൽ ലോകായുക്ത വിധിയുണ്ടായാൽ മന്ത്രിമാർ രാജിവെക്കണമായിരുന്നു. നിയമഭേദഗതി പ്രകാരം അങ്ങനെ വേണ്ടതില്ല. ഇതോടെ ഫലത്തിൽ ലോകായുക്തയുടെ ശക്തിയില്ലാതാകുമെന്നാണ് ആക്ഷേപം.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തിൽ കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നത് ലോകായുക്ത വിധിയെ തുടർന്നാണ്. സമാന സാഹചര്യം ഇനിയുണ്ടായാൽ ഹിയറിങ് നടത്തി വിധി സ്വീകരിക്കാനും തള്ളാനും സാധിക്കും. അഴിമതി തെളിഞ്ഞാലും സർക്കാറിന്റെ താൽപര്യം അനുസരിച്ച് മാത്രമേ വിധി നടപ്പാക്കാനാകൂവെന്നതാണ് ഭേദഗതിയുടെ ആത്യന്തിക ഫലം.
ഗവർണർക്ക് ബോധ്യമായെങ്കിലും അടിയന്തര സാഹചര്യം സി.പി.ഐക്ക് ബോധ്യമായില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്.
നിയമം കൊണ്ടുവന്ന ഇടതുമുന്നണിയാണ് അതിലെ ചില വകുപ്പുകൾ ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് മാറ്റിയെഴുതുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.