'പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ഭരണഘടനയുമായി ചേർന്നു നിൽക്കുന്നതല്ല'; വി.ഡി. സതീശന് മറുപടിയുമായി നിയമ മന്ത്രി

കൊച്ചി: വിവാദമായ ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി നിയമ മന്ത്രി പി. രാജീവ്. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ഭരണഘടനയുമായി ചേർന്നു നിൽക്കുന്നതല്ലെന്ന് പി. രാജീവ് പറഞ്ഞു.

ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നു. ഹൈകോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിരിക്കില്ലെന്നും നിയമ മന്ത്രി വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 164നെ തെറ്റായി വ്യാഖ്യാനിച്ചിട്ടില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തിൽ ഹൈകോടതി ഉത്തരവുണ്ട്. ഗവർണറാണ് നടപടി എടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്.

അപ്പീൽ അധികാരമില്ലാത്തത് ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തക്ക് ശിപാർശ നൽകാനുള്ള അധികാരമേയുള്ളൂ. ലോകായുക്ത അർധ ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ ഉടൻ ചേരാത്തതു കൊണ്ടാണ് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനം മന്ത്രിസഭ പരിശോധിച്ച് എടുത്തതാണെന്നും പി. രാജീവ് പറഞ്ഞു.

കേരള സര്‍ക്കാര്‍ രഹസ്യമായി പുറപ്പെടുവിച്ച ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച നിയമ മന്ത്രി പി. രാജീവിനും കോടിയേരി ബാലകൃഷ്ണനും എതിരെ രൂക്ഷ വിമർശനമാണ് കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത്. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പ്രസ്താവനയാണ് മന്ത്രി പി. രാജീവ് നടത്തിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

ഹൈകോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ കൂടി അനുസരിച്ചു കൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. എന്നാല്‍ ഹൈകോടതിയുടെ രണ്ടു വിധികളുള്ളത് ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. ലോകായുക്താ നിയമത്തിന്റെ 12-ാം വകുപ്പുമായി ബന്ധപ്പെട്ടാണ് ഹൈകോടതി വിധി. 12-ാം വകുപ്പ് അനുസരിച്ച് ശിപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ലോകായുക്തക്കുള്ളൂവെന്നാണ് പറഞ്ഞിരിക്കുന്നത്. അത് ശരിയുമാണ്. ഇവിടെ 12-ാം വകുപ്പല്ല, 14-ാം വകുപ്പാണ് പ്രശ്‌നമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - Lokayukta Ordinance: Law Minister P Rajeev replies to V.D.Satheesan statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.