തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെ.എ.എൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്ത. സർക്കാറിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെയും വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലോകായുക്തയുടെ അസാധാരണ നടപടി. ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് മുൻ ജീവനക്കാർ ലോകായുക്തയെ സമീപിക്കുകയായിരുന്നു.
അടിയന്തരമായി ഇവർക്ക് ആനുകൂല്യം നൽകണമെന്ന് ലോകായുക്ത ഉത്തരവിട്ടു. എന്നാൽ, ഇത് പൊതുമേഖല സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് സർക്കാറും കമ്പനി നഷ്ടത്തിലായതിനാൽ പണം നൽകാൻ കഴിയില്ലെന്ന് സ്ഥാപനവും ലോകായുക്തക്ക് വിശദീകരണം നൽകി. ഇതിനെതിരെയാണ് ലോകായുക്ത ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. ലോകായുക്ത പരിഗണിക്കുന്ന കേസുകളിൽ അന്തിമവാദം കഴിഞ്ഞ് സെക്ഷൻ 12 (ഒന്ന്) അല്ലെങ്കിൽ 12 (മൂന്ന്) പ്രകാരം നൽകുന്ന റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടി ലോകായുക്തയെ അറിയിക്കണം.
സർക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലോകായുക്തക്ക് ഈ വിഷയത്തിൽ പ്രത്യേക റിപ്പോർട്ട് ഗവർണർക്ക് നൽകാം. ഗവർണർ വിശദീകരണ കുറിപ്പോടുകൂടി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണമെന്നാണ് നിയമം. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.