പൊന്നാനി: പൊലീസിനെ കണ്ട് മണൽലോറി ഡ്രൈവറോടൊപ്പം പുഴയിൽ ചാടിയ ക്ലീനറെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇയാൾക്കായി ഏറെനേരം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. തിരൂർ കാവിലക്കാട് ഭാഗത്ത് നിന്ന് മണൽ കയറ്റിപ്പോവുകയായിരുന്ന ലോറി തൊഴിലാളികളാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ പൊലീസിനെ കണ്ട് പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച പുലർച്ച ആറോടെയായിരുന്നു സംഭവം. ക്ലീനർ തവനൂർ അതളൂർ പുളിക്കൽ മൻസൂറിനെയാണ് (20) കാണാതായത്.
ഡ്രൈവർ ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമർഷാദ് (24) നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്ത് നിന്ന് മണലുമായി ലോറിയിൽ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ് സ്റ്റോപ് പാലത്തിൽ പൊലീസിനെ കണ്ടതോടെ അതിവേഗത്തിൽ വാഹനം ഒാടിച്ചുപോവുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്നെത്തി. പൊലീസുകാർ ജീപ്പിൽനിന്ന് ഇറങ്ങുമ്പോഴേക്കും ഇരുവരും െറഗുലേറ്റർ കം ബ്രിഡ്ജിെൻറ വെള്ളം സംഭരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടി. മൻസൂറാണ് ആദ്യം പുഴയിലേക്ക് ചാടിയത്.
വെള്ളത്തിെൻറ കുത്തൊഴുക്ക് കൂടിയതിനാലും ഷട്ടറുകൾ തുറന്നതിനാലും ഇരുവരും പാലത്തിെൻറ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടിയിലെ കല്ലിൽ പിടിച്ചുനിന്ന ഉമർഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറി. മൻസൂറും കല്ലിൽ പിടിച്ചുനിന്നിരുന്നതായി ഉമർഷാദ് പറഞ്ഞു. പിന്നീട് കാണാതാവുകയായിരുന്നു.
യുവാക്കൾ പുഴയിൽ ചാടിയത് കണ്ടിട്ടും പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപണമുയർന്നു. നാട്ടുകാരും പൊലീസുമായി ഏറെനേരം വാക്കുതർക്കമുണ്ടായി. ജനങ്ങൾ സംസ്ഥാനപാത ഉപരോധിച്ചു. നാല് മണിക്കൂറിന് ശേഷം രാവിലെ പത്തോടെയാണ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. പിന്നീട് ചാലിയാർ, തിരുവേഗപ്പുറ എന്നിവിടങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും പൊന്നാനിയിൽനിന്ന് സീ ഗാർഡുകളും തിരച്ചിലിനെത്തി. ഞായറാഴ്ച നാവികസേനയെത്തി തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.