തിരുവനന്തപുരം: പ്രധാനമന്ത്രി ഉൾപ്പെടെ ദേശീയ നേതാക്കൾ നാടിളക്കി പ്രചാരണം നടത്തിയിട്ടും കേരളം ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച് കൈയിൽ കൊടുത്തു. കേരളത്തിെൻറ മണ്ണ് താമര വിരിയാൻ പാകമല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ നേമത്തെ ബി.ജെ.പി അക്കൗണ്ട് എൽ.ഡി.എഫ് തന്നെ അടച്ചുപൂട്ടി. ശബരിമലയും വർഗീയ പ്രചാരണങ്ങളും മുഖ്യവിഷയമാക്കി 10 സീറ്റിൽ വരെ ജയം പ്രതീക്ഷിച്ച ബി.ജെ.പി ഒന്നിൽ പോലും ജയിക്കാതെ നാണംകെട്ടു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ വികാരവും സംസ്ഥാന ബി.ജെ.പിയിലെ തമ്മിലടിക്കേറ്റ പ്രഹരവുമാണ് ഇൗ തിരിച്ചടി. വോട്ടിങ് ശതമാനത്തിലും അവർ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല.
ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞതും ക്രിസ്ത്യൻ സമുദായത്തിലെ ഒരു വിഭാഗത്തെ കൂടെ നിർത്തി മറ്റു സഭകളെ ശത്രു പക്ഷത്തുനിർത്തിയതും ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ എതിരാക്കി. ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്തത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിെവക്കും. ചില സീറ്റുകളിലെ ഗണ്യമായ വോട്ട്ചോർച്ച ഡീൽ ആേരാപണത്തിന് കൂടുതൽ ശക്തിപകരും. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിച്ച രണ്ടു സീറ്റിലും തോറ്റെന്നു മാത്രമല്ല, ആളും അർഥവും ഇറക്കി നാടിളക്കി പ്രചാരണം നടത്തിയിട്ടും ദയനീയ പരാജയമുണ്ടായതിന് ദേശീയ നേതൃത്വത്തിന് വിശദീകരണം നൽകി തളരുമെന്നും ഉറപ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനതീതമായ വോട്ട് നേടി ഒ. രാജഗോപാലിലൂടെ ആദ്യമായി താമര വിരിയിച്ച നേമം മുതിർന്ന നേതാവ് കുമ്മനം രാജശേഖരനിലൂടെ നിലനിർത്താമെന്ന ബി.ജെ.പി പ്രതീക്ഷയാണ് വി. ശിവൻകുട്ടിയിലൂടെ എൽ.ഡി.എഫ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് സ്വയം പ്രഖ്യാപിച്ചിറങ്ങിയ മെട്രോമാൻ ഇ. ശ്രീധരൻ അവസാന നിമിഷം വരെ പ്രതീക്ഷ നൽകിെയങ്കിലും അവസാന റൗണ്ടിൽ യു.ഡി.എഫിെൻറ ഷാഫി പറമ്പിലിനോട് മൂവായിരത്തിലധികം വോട്ടിന് തോറ്റു.
തൃശൂരിൽ ആദ്യ റൗണ്ടുകളിൽ പ്രതീക്ഷ നൽകിയ സുരേഷ് ഗോപിയാകെട്ട, ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബി.ജെ.പി നിർണായക ശക്തിയായി മാറുമെന്ന് പ്രഖ്യാപിച്ച കെ. സുരേന്ദ്രെൻറ സ്ഥാനചലനത്തിനുൾപ്പെടെ ഇൗ ഫലം കാരണമായേക്കാം. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ രണ്ടാമതായ ബി.ജെ.പി പത്തോളം സീറ്റുകളിൽ ഇക്കുറി രണ്ടാമതെത്തി എന്നതു മാത്രമാണ് ആശ്വാസം.
അവസാനനിമിഷം സ്ഥാനാർഥിയായ ശോഭ സുരേന്ദ്രെൻറ പരാജയം, ഡീൽ ആരോപണം, സ്ഥാനാർഥി നിർണയം, പത്രിക തള്ളൽ, ഫണ്ട് തിരിമറി, കോഴപ്പണം തുടങ്ങിയവയൊക്കെ വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.