തിരുവനന്തപുരം: പാചകവാതക വില കുതിച്ചുയർന്നതോടെ ഹോട്ടൽ ഭക്ഷണവില ഉയരുമെന്ന് ഭീതി.നിലവിലെ സാഹചര്യത്തിൽ വിലവർധന വരുത്താതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഹോട്ടലുടമകളും അസോസിയേഷൻ ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കും വൈദ്യുതി-വെള്ളം എന്നിവയുടെ ചാർജ് വർധനക്കും പിന്നാലെ പാചകവാതക വിലവർധന കൂടിയായതോടെ കാര്യങ്ങൾ പിടിവിട്ടിരിക്കുകയാണെന്നും ഇവർ പറയുന്നു. ഈ ആഴ്ചതന്നെ വിലയിൽ മാറ്റം വരുമെന്നാണ് ഇവർ നൽകുന്ന സൂചന. ഇതിനിടെ തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചയൂണിന് വിലകൂട്ടി. അഞ്ചു രൂപവരെയാണ് വില വർധിപ്പിച്ചത്. ചായക്ക് അടക്കം വിലകൂട്ടാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേസമയം പാചകവാതക വില മറയാക്കി അമിത വർധനക്കൊരുങ്ങുന്നവരുമുണ്ട്.
മറുഭാഗത്ത് ഗാർഹിക സിലിണ്ടറുകളുടെ വില ഉയർന്നതിന്റെ കടുത്ത ആഘാതത്തിലാണ് കുടുംബ ബജറ്റുകൾ. പാചക വാതക സബ്സിഡി ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനമെങ്കിലും ഈ നടപടി അപ്രഖ്യാപിതമായി കേന്ദ്രം അവസാനിപ്പിച്ചിട്ട് രണ്ടുവർഷമാകുന്നു. 2020 ഫെബ്രുവരിയിൽ സിലിണ്ടറിന് 858 രൂപയുണ്ടായിരുന്നപ്പോൾ 290 രൂപക്കടുത്തായിരുന്നു സബ്സിഡിത്തുക.
എന്നാൽ, 2020 ജൂലൈയിൽ പാചകവാതക വില ഘട്ടംഘട്ടമായി കുറഞ്ഞ് 594 രൂപയിൽ എത്തിയതോടെയാണ് സബ്സിഡി കേന്ദ്രസർക്കാർ ഒഴിവാക്കിയത്. ഇപ്പോൾ വില 1000 പിന്നിട്ടിട്ടും കേന്ദ്രത്തിന് മിണ്ടാട്ടമില്ല.
2014ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ 400 രൂപയുണ്ടായിരുന്നു സിലിണ്ടറിന് മാർച്ച് ഒന്നിലെ 49 രൂപയുടെ വർധനയോടെ 1110 രൂപയാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.