കാസർകോട്: സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ് ശല്യത്തെയും റോഡിൽ കുഴികൾ നിറഞ്ഞ സാഹചര്യത്തെയും വിമർശിച്ച് സാഹിത്യകാരൻ എം. മുകുന്ദൻ. പട്ടികളുടെ റിപ്പബ്ലിക്കിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പട്ടികളെയും കുഴികളെയും പേടിക്കണം. കാഞ്ഞങ്ങാട്ട് ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കോവിഡ് കാലം കഴിയണം, എനിക്ക് മുണ്ടു മടക്കിക്കുത്തി റോഡിലൂടെയൊക്കെ നടക്കണം, ചായക്കടയിൽ കയറിയൊരു ചായ കുടിക്കണം എന്നൊക്കെ മോഹിച്ചിരുന്നു. കോവിഡ് കാലം കഴിഞ്ഞു. നമ്മളിപ്പോൾ ജീവിക്കുന്നത് വൈറസിന്‍റെ കാലത്തല്ല. നമ്മളിപ്പോൾ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിലാണ്. കോവിഡ് വൈറസ് പോയി, എന്നാൽ മറ്റൊരു ജീവി നമ്മളെ ഭയപ്പെടുത്തുന്നു.
പട്ടികൾ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിയണം. റോഡില്‍ക്കൂടി നടക്കണം. വളരെയധികം പ്രബുദ്ധ സമൂഹമാണ് നമ്മൾ. അത്രയേറെ ചിന്തിക്കുന്നവരും വായിക്കുന്നവരുമാണ്. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്. കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുണ്ട്' -എം. മുകുന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.