തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കാനിരിക്കെ, ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ. ‘‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’’ എന്ന വാക്യമാണ് മലയാളത്തിലും ഇംഗ്ലിഷിലുമായി രാജീവ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്.
ശ്രീനാരായണ ഗുരുവിന്‍റെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ചേർന്ന കോർകമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്‍റായി നിർദേശിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ എന്നിവരും അവസാനം വരെ പരിഗണനയിലുണ്ടായിരുന്നു. കേന്ദ്ര നേതൃത്വം രാജീവിനൊപ്പം നിന്നതോടെ, മറ്റു പേരുകൾ ആരും ഉന്നയിച്ചില്ല. തുടർന്ന്, സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. അഞ്ചു വർഷം പൂർത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖർ പ്രസിഡന്‍റാകുന്നത്. കര്‍ണാടകയില്‍നിന്ന് മൂന്നു തവണ രാജ്യസഭാംഗമായ രാജീവ് രണ്ടാം മോദി സർക്കാറിൽ ഐ.ടി വകുപ്പ് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ഒരാൾ സംസ്ഥാന ബി.ജെ.പി അധ്യക്ഷനാകുന്നത് ആദ്യമാണ്.
മറുനാടൻ മലയാളി കുടുംബത്തിൽ ഗുജറാത്തിൽ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി ഐ.ടി ജോലിയിലും ബിസിനസിലും നേട്ടങ്ങൾ സ്വന്തമാക്കി 2006ൽ സ്വതന്ത്രനായി രാജ്യസഭാംഗമായ ശേഷമാണ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.