കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഏഴുദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള ഇ.ഡി വാദം അംഗീകരിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് കസ്റ്റഡി അനുവദിച്ചത്.
14 ദിവസം ആവശ്യപ്പെെട്ടങ്കിലും ഏഴുദിവസം മാത്രം അനുവദിക്കുകയായിരുന്നു. പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർക്കൊപ്പം അഞ്ചാം പ്രതിയായാണ് ശിവശങ്കറിനെ ഉൾപ്പെടുത്തിയത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയേ ചോദ്യം ചെയ്യാവൂ, ആയുർവേദ ചികിത്സക്ക് സൗകര്യമൊരുക്കണം, തുടർച്ചയായി മൂന്നുമണിക്കൂർ ചോദ്യം ചെയ്താൽ ഒരുമണിക്കൂർ വിശ്രമം അനുവദിക്കണം, ബന്ധുക്കളെയും അഭിഭാഷകനെയും കാണാൻ അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കസ്റ്റഡി അനുവദിച്ചത്.
ഇതുവരെയുള്ള അന്വേഷണത്തിൽ കുറ്റകൃത്യത്തിൽ ശിവശങ്കറിന് പങ്കുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് ഇ.ഡി ബോധിപ്പിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന നടത്താതെ നയതന്ത്ര ബാഗേജുകൾ വിട്ടുകിട്ടാൻ ഇടപെടണമെന്ന് സ്വപ്ന സുരേഷ് ശിവശങ്കറോട് ആവശ്യപ്പെട്ടതായി ഇരുവരും തമ്മിലെ വാട്സ്ആപ് ചാറ്റുകളിൽനിന്ന് വ്യക്തമാണ്.
2018 നവംബർ 30ന് എസ്.ബി.ഐ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിൽ സ്വപ്നക്കൊപ്പം സംയുക്ത ലോക്കർ തുടങ്ങിയത് ശിവശങ്കറുടെ നിർദേശപ്രകാരമാണെന്നും സ്വപ്നയെ പണമിടപാടിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടൻറ് പി. വേണുഗോപാൽ മൊഴി നൽകിയിരുന്നു. വാട്സ്ആപ് ചാറ്റുകളിലും ഇത് വ്യക്തമാണ്. ഈ ലോക്കറിൽനിന്ന് ഏകദേശം 64 ലക്ഷവും ഫെഡറൽ ബാങ്ക് സ്റ്റാച്യു ശാഖയിലെ ലോക്കറിൽനിന്ന് 36.50 ലക്ഷവും എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. ഈ പണം മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റകൃത്യത്തിൽനിന്ന് ലഭിച്ചതാണെന്ന് വ്യക്തമാണെന്നും ശിവശങ്കറുടെ പൂർണ പിന്തുണയോടെയാണ് കുറ്റകൃത്യം നടന്നതെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ പി. രാധാകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.