മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 29ാം സാക്ഷി സുനിൽ കുമാറിനെതിരെ കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ വിചാരണക്കിടെ നാടകീയ രംഗങ്ങൾ. ഒടുവിൽ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പ് കോടതി പിടിച്ചെടുത്തു. കോടതിയിൽ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ആധികാരികതയില്ലെന്ന് സുനിൽകുമാറിന്‍റെ അഭിഭാഷകൻ വാദമുന്നയിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ ഡിവൈ.എസ്.പി യും ഇപ്പോൾ എസ്.പിയുമായ ടി.കെ. സുബ്രഹ്മണ്യനോട് ഹാജരാകാൻ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിസ്താരത്തിനിടെ എസ്.പിക്ക് മുമ്പാകെ പ്രദർശിപ്പിച്ച വിഡിയോ ദൃശ്യങ്ങൾ കോടതിയുടെ തെളിവ് പട്ടികയിൽ ഉള്ളതല്ലെന്നും പൊലീസുകാരന്‍റെ ലാപ് ടോപ്പിൽ ഉള്ളതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി ഇത് പരിശോധിച്ച് ഉറപ്പു വരുത്തി. ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ആരുടെ അനുമതിയോടെയാണ് സ്വന്തം ലാപ്ടോപ്പിലേക്ക് ദൃശ്യങ്ങൾ പകർത്തിയതെന്ന് കോടതി പ്രോസിക്യൂഷനോടും പൊലീസുകാരനോടും ചോദിച്ചു. ലാപ് ടോപ് കോടതിയിൽ സൂക്ഷിക്കുന്നില്ലെന്നും വീട്ടിൽ കൊണ്ടുപോകുകയാണെന്നും വ്യക്തമായതോടെ ലാപ്ടോപ്പ് പിടിച്ചെടുക്കാൻ ജഡ്ജി നിർദേശിക്കുകയായിരുന്നു.
കോടതി കസ്റ്റഡിയിലുള്ള രേഖകൾ അനുമതി കൂടാതെ കമ്പ്യൂട്ടറിൽ പകർത്തിയതിൽ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാർ അതൃപ്തി രേഖപ്പെടുത്തി. കോടതി നടപടികൾ സുതാര്യമാണെന്നും ഇത്തരം വീഴ്ചകൾ പ്രോസിക്യൂഷൻ ശ്രദ്ധിക്കാതെ പോകുന്നത് തെളിവുകളെ അവിശ്വസിക്കേണ്ട സ്ഥിതിയിലെത്തിക്കുമെന്നും വിലയിരുത്തി. ഇക്കാര്യങ്ങളിൽ അമർഷമുണ്ടെന്നും ജഡ്ജി വാക്കാൽ പറഞ്ഞു.
തുടർന്നുള്ള വിസ്താരങ്ങളിൽ കോടതിയുടെ ലാപ്ടോപ്പ് ഉപയോഗിക്കാനും ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ പൊലീസുകാർക്ക് പകരമായി പാലക്കാട് ജില്ല കോടതിയിൽ നിന്നു പരിശീലനം ലഭിച്ച ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. വെള്ളിയാഴ്ച കേസിലെ സാക്ഷികളായ ഡെപ്യൂട്ടി റേഞ്ചർ സുമേഷ്, നഴ്സിങ് അസിസ്റ്റന്റ് നിജാമുദ്ദീൻ എന്നിവരെ വിസ്തരിച്ചു. ഇരുവരും മൊഴിയിൽ ഉറച്ചു നിന്നു. ഫോട്ടോകൾ ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട സാക്ഷിയായ അബ്ദുൽ ലത്തീഫ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായില്ല. പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ബൽറാമിന്റെ വിചാരണ മാറ്റിവെച്ചു. മറ്റൊരു സാക്ഷിയായ സിന്ധുഷയെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒന്നാം തീയതിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.