കോഴിക്കോട്: കുട്ടികളുടെ ഹൃദയചികിത്സയിൽ പുതിയ കാൽവെപ്പായ 'ശിശുമിത്ര' പദ്ധതി ചികിത്സ ക്യാമ്പിന് ഉജ്ജ്വല പരിസമാപ്തി. തൊണ്ടയാട് ബൈപാസിലെ മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററും (എം.ഐ.സി.സി) 'മാധ്യമ'വും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയുടെ ക്യാമ്പുകളിൽ നിരവധി പേരാണ് പങ്കെടുത്തത്. മെട്രോമെഡിൽ അവസാന ക്യാമ്പ് എം.ഐ.സി.സി ഡയറക്ടറും ചീഫ് കാർഡിയോതൊറാസിക് സർജനറുമായ പ്രഫ. ഡോ. വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ഹൃദയ ചികിത്സയിൽ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ ചികിത്സയെന്നും രോഗം കണ്ടെത്തിയാലുടൻ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗ ചികിത്സയിൽ ലോകത്തിന്റെ നെറുകയിലാണ് കേരളമെന്നും അതിൽ വലിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും എം.ഐ.സി.സി ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു. ചെറിയ കുട്ടികൾക്ക് രോഗവിവരങ്ങൾ പറയാൻ കഴിയില്ല. അതിനാൽ വൈകിയാണ് രോഗത്തെ കുറിച്ച് മുതിർന്നവർ അറിയുന്നത്. അപ്പോഴേക്കും ശസ്ത്രക്രിയയുടെ ഉൾപ്പെടെ സമയംവൈകിയിട്ടുണ്ടാകും. ഈ രംഗത്ത് ബോധവത്കരണം ആവശ്യമാണെന്നും സൗജന്യ ചികിത്സക്കൊപ്പം ഇതുകൂടിയാണ് ലക്ഷ്യമെന്നും കുട്ടികളുടെ ഹൃദയ ചികിത്സക്കാവശ്യമായ വലിയ സംവിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയസംബന്ധമായ ചികിത്സയിൽ കാലതാമസമുണ്ടാകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും 'ശിശുമിത്ര' പദ്ധതിയുടെ ക്യാമ്പുകളിലെത്തിയ നിരവധി പേർക്കാണ് സൗജന്യങ്ങളോടെയുള്ള ചികിത്സ ലഭ്യമാവുകയെന്നും പീഡിയാട്രിക് കാർഡിയോതൊറാസിക് സർജൻ ഡോ. എം. ജനീൽ പറഞ്ഞു. കുട്ടികളുടെ ഹൃദയചികിത്സയിൽ വിവിധ വിഭാഗങ്ങളുടെ ടീം വർക്കാണ് പ്രധാനമെന്നും അതുമായി ബന്ധപ്പെട്ട വിപുലസംവിധാനം ആശുപത്രിയിലുണ്ടെന്നും പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എം.എം. കംറാൻ പറഞ്ഞു.
മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, എം.ഐ.സി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഷാലൂബ്, ഡയറക്ടർ പി.എം. ഉസ്മാൻ, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, ബിസിനസ് സൊലൂഷൻ മാനേജർ ടി.സി. റഷീദ്, ക്ലയന്റ് റിലേഷൻ മാനേജർ പി.പി. അനീഷ് തുടങ്ങിയവരും സംബന്ധിച്ചു.
കുട്ടികളിലെ ഹൃദ്രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തുകയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സയും ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയുമാണ് 'ശിശുമിത്ര' പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് എം.ഐ.സി.സി വഴി ചികിത്സയും ശസ്ത്രക്രിയയും സൗജന്യമായി നൽകുകയും മറ്റുള്ളവർക്ക് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കി കുറഞ്ഞനിരക്കിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. നേരത്തെ കാസർകോട്, തലശ്ശേരി, കൽപറ്റ, മഞ്ചേരി, മണ്ണാർക്കാട്, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.