അജ്ഞാത ഭീഷണിയില്‍ മഹ്മൂദിന്‍െറ കുടുംബം

പെരിങ്ങത്തൂര്‍(കണ്ണൂര്‍): ഐ.എസ് ഗൂഢാലോചനക്ക് കനകമലയില്‍ ഒത്തുകൂടിയെന്നാരോപിച്ച്  എന്‍.ഐ.എ അറസ്റ്റ് ചെയ്ത ആറുപേരില്‍ പ്രധാനിയായ അണിയാരം മദീന മഹലിലെ മന്‍ഷിദിന്‍െറ കുടുംബം അജ്ഞാതരുടെ  ഭീഷണിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ അജ്ഞാത സംഘം വീടുവളഞ്ഞ് ജനല്‍ചില്ലുകള്‍ മുഴുവനും തകര്‍ത്തതിന്‍െറ പിന്നിലെ ഉദ്ദേശ്യമെന്തെന്നറിയാതെ കുടുംബം അന്ധാളിച്ചു നില്‍ക്കുകയാണ്. ഐ.എസ് ബന്ധമാരോപിച്ച് മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്‍െറ അരക്ഷിതാവസ്ഥക്ക് പുറമെയാണ്  ഭീതിപ്പെടുത്തും വിധം വീടാക്രമണ സംഭവം.
‘ഒട്ടും പ്രതീക്ഷിക്കാത്ത  കേസിലാണ് മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അര്‍ധരാത്രിയില്‍ വീട് കടന്നാക്രമിച്ച് ഈ ക്രൂരത കാണിക്കാന്‍ മാത്രം എന്ത് തെറ്റാണ് വീട്ടിലിരിക്കുന്ന ഞങ്ങള്‍ ചെയ്തത്?’ -പിതാവ് മഹ്മൂദ് ചോദിക്കുന്നു.
രാത്രി ഒരുമണിയോടെയാണ് വീടിന്‍െറ ജനാലകള്‍ ഒരേസമയം തകര്‍ക്കപ്പെട്ടത്. ചില്ലുകള്‍ക്ക് പുറമെ ജനാലയുടെ ചട്ടക്കൂടും വെട്ടിമുറിക്കപ്പെട്ട നിലയിലാണ്. ആയുധധാരികളാണ് ഇത് ചെയ്തതെന്ന് വ്യക്തം. കനകമല റെയ്ഡിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ പൊലീസ് കാവല്‍ തുടര്‍ന്നിരുന്നു. അറസ്റ്റിനെതുടര്‍ന്ന് ഒരു വിഭാഗം പ്രതിഷേധ പ്രകടനവും നടത്തി. എന്നാല്‍, സമീപവാസികളെല്ലാം തങ്ങളോട് നല്ല നിലയില്‍ തന്നെയാണ് പെരുമാറുന്നതെന്ന് മഹ്മൂദ് പറഞ്ഞു. ആരില്‍നിന്നും ഒരു കുത്തുവാക്കും ഉണ്ടായിട്ടില്ല’.-മന്‍ഷിദിന്‍െറ സഹോദരി പറഞ്ഞു.  മന്‍ഷിദിന്‍െറ പിതാവും ഉമ്മയും സഹോദരിയും വലിയുമ്മയുമാണ് ഈ വീട്ടില്‍ താമസം. മന്‍ഷിദിനോടൊപ്പം ഗള്‍ഫില്‍ നിന്ന് സന്ദര്‍ശന വിസയില്‍ വന്നിരുന്ന ഫിലിപ്പീന്‍കാരി ഭാര്യ ഒരാഴ്ചക്കുശേഷം ഖത്തറിലേക്ക് മടങ്ങിയിരുന്നു. മൈസൂരുവില്‍ പാചകജോലി ചെയ്തിരുന്ന  മഹ്മൂദ്  പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. മന്‍ഷിദിന്‍െറ വരുമാനത്തിലാണ് അടുപ്പില്‍ തീ പുകഞ്ഞിരുന്നതെന്ന് പിതാവ് വിവരിച്ചു. മോന്താലിലെ തറവാട്ടില്‍നിന്ന് മാറി അഞ്ച് വര്‍ഷം മുമ്പാണ് മഹ്മൂദ് അണിയാരത്ത് പുതിയ വീട് പണിതത്. ഇപ്പോഴും മൂന്ന് ലക്ഷത്തോളം കടബാധ്യതയുണ്ട്. മകന്‍ ഗള്‍ഫില്‍ പോയതോടെ എല്ലാ ബാധ്യതയും തീരുമെന്ന് മോഹിച്ചിരിക്കുമ്പോഴാണ് പുതിയ ദുരിതം കടന്നുവന്നത്.
കുടുംബം പൊലീസ് കാവലിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്.

 

Tags:    
News Summary - mahmood nia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.