അടിമാലി: പുരോഹിതൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ അരിക്കുഴ ലഷ്മി ഭവനിൽ അനിൽ വി. കൈമളിനെയാണ് (38) ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, ഡിവൈ.എസ്.പി ബിനു ശ്രീധർ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ എന്നിവരുടെ നേതൃത്ത്വത്തിലെ പൊലീസ് സംഘം മൈസൂർ നഞ്ചൻകോട്ടിൽനിന്നും പിടികൂടിയത്. തട്ടിയെടുത്ത പണത്തിൽ നിന്ന് 4.88 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘത്തിൽ ഉൾപ്പെട്ട എട്ടു പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയും തിരുവനന്തപുരം കരമന പ്രേം നഗറിൽ കുന്നപ്പളളിൽ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
മൂന്നാർ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭൂമിയും റിസോർട്ടുകളും ലാഭത്തിൽ കിട്ടാനുണ്ടെന്നും സഭയുടെ കീഴിലെ സ്ഥാപനമായതിനാൽ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പുരോഹിതനായി ബോസിനെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് ബോസ് സ്വന്തം കാറിൽ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയിൽ എത്തി. ഫോൺ ചെയ്തപ്പോൾ മൂന്നാറിലേക്ക് ആനച്ചാൽ വഴി വരാൻ ആവശ്യപ്പട്ടു. ആനച്ചാലിൽ എത്തിയപ്പോൾ ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിൽ തന്റെ കപ്യാർ നിൽക്കുന്നുണ്ടെന്നും പറഞ്ഞു. ഇതുപ്രകാരം വെയ്റ്റിങ് ഷെഡിൽ എത്തി. കപ്യാരായി എത്തിയ അനിൽ പണം കാണിക്കാൻ പറഞ്ഞു. ഉടൻ ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ബോസ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അനിൽ മൈസൂരിൽ ഉണ്ടെന്ന് മനസിലാക്കി ഇവിടെ എത്തി പിടികൂടുകയായിരുന്നു. മൂന്നു പേർ ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും 9 ലക്ഷം വീതം വീതിച്ചെടുത്തെന്നും ബാക്കി 8 ലക്ഷം സഹായിച്ച അഞ്ച് പേർക്ക് നൽകിയെന്നും അനിൽ പറഞ്ഞു.
പിടികൂടിയ 4.88 ലക്ഷം രൂപക്ക് ബാലൻസ് വന്ന തുക പലിശക്ക് വരെ നൽകിയതായി അനിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, ടി.ടി ബിജു, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.