പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ മുഖ്യലക്ഷ്യം -മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ മുഖ്യലക്ഷ്യമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുകയാണ്‌ മുഖ്യധർമം. എന്നാൽ, മറുവശത്ത്‌ വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന്‌ മനുഷ്യന്‌ സുരക്ഷയും ഒരുക്കണം. ഇതെല്ലാം യാഥാർഥ്യബോധത്തോടെ മനസ്സിലാക്കി കാര്യക്ഷമമായി ഇടപെടുകയാണ്‌ ലക്ഷ്യമെന്ന് മന്ത്രി ഒരു ഓൺലൈൻ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മനുഷ്യ–-വന്യജീവി സംഘർഷമാണ് വനംവകുപ്പ്‌ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കും. പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ ആലോചിക്കുന്നു. വനത്തിലുള്ള അനധികൃത കാര്യങ്ങൾ തടയുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളിൽനിന്നും ജനങ്ങളെ സംരക്ഷിക്കും.

വനംവകുപ്പിനെ ആധുനിക കാലത്തിനൊത്ത്‌ പരിഷ്‌കരിക്കും. പുത്തൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. മരംമുറി വിഷയത്തിൽ സർക്കാർ ഉത്തരവിറക്കിയത് സദുദ്ദേശ്യത്തോടെയായിരുന്നെന്നും ചിലർ അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. മരംകൊള്ളക്കാരെയും കൂട്ടുനിന്നവരെയും ഒത്താശ ചെയ്‌തവരെയും ശിക്ഷിക്കുമെന്നും മന്ത്രി ശശീന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു. 

അതേസമയം, കുണ്ടറ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ട വിഷയത്തിൽ മന്ത്രി ശശീന്ദ്രനെതിരെ ലോകായുക്തയിൽ പരാതി ലഭിച്ചു. ഭാരതീയ നാഷണല്‍ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്. കുണ്ടറയിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.

Tags:    
News Summary - main objective is to protect and care for the environment and human beings - Minister Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.