കൊച്ചി: മലബാര്‍ സിമന്റ്സിൽ 400 കോടിയുടെ അഴിമതി വിവരം 2006-07 കാലത്തെ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് വലിയ കേസായി വികസിച്ചത്. നിയമസഭയിലടക്കം ആളിക്കത്തിയ വിഷയത്തിൽ 2008ല്‍ വി.എസ്. അച്യുതാനന്ദൻ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവായി.
കുറ്റപത്രം നൽകിയ മൂന്നു കേസിലും പ്രധാന സാക്ഷിയായിരുന്നു മലബാര്‍ സിമന്റ്സിലെ ഇന്റേണല്‍ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി. ശശീന്ദ്രന്‍. 2011 ജനുവരി 24ന് രാത്രി ഒമ്പതോടെ ഭാര്യ ടീന ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോഴാണ് ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യക്ഷമമായില്ല. പിന്നീട് ടീനയും ശശീന്ദ്രന്റെ പിതാവ് വേലായുധനും ചേര്‍ന്ന് 2011 ഫെബ്രുവരിയില്‍ നൽകിയ ഹരജിയിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിടുകയും തുടർന്ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു.
മരണം ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് സി.ബി.ഐയും സമർപ്പിച്ചത്. ഇതിനിടെ കൊച്ചിയിലെ ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ടീന പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരിച്ചതിലും ദുരൂഹതയുണ്ട്. ആത്മഹത്യയാണെന്ന രീതിയിൽ സി.ബി.ഐ നൽകിയ റിപ്പോർട്ട് സി.ജെ.എം കോടതി സ്വീകരിച്ചത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ഇപ്പോൾ തുടരന്വേഷണത്തിന് ഹൈകോടതിയുടെ ഉത്തരവുണ്ടായത്.
കൊച്ചി: മലബാർ സിമന്‍റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തതാണെന്ന സി.ബി.ഐയുടെ കണ്ടെത്തൽ അവിശ്വസനീയമെന്ന് ഹൈകോടതി.
11ഉം എട്ടും വയസ്സുള്ള മക്കളെ കെട്ടിത്തൂക്കിയശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്തെന്ന കണ്ടെത്തൽ അസംബന്ധമാണ്. കുട്ടികളുടെ ഭാരവും കെട്ടിന്‍റെ രീതിയും കണക്കിലെടുത്താൽ ഒരാൾക്ക് ഒറ്റക്ക് ചെയ്യാനാവാത്തതാണെന്ന് വ്യക്തമാണ്. ഈ സമയത്ത് കുട്ടികൾ അബോധാവസ്ഥയിലായിരുന്നുവെന്നതിന് തെളിവുമില്ല.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനും ആത്മഹത്യയാണെങ്കിൽ ഭാര്യ ടീനയെ അതിൽനിന്ന് ഒഴിവാക്കിയതിനും സി.ബി.ഐക്ക് മറുപടിയില്ല.
കുട്ടികളെ കെട്ടിത്തൂക്കാൻ ശശീന്ദ്രൻ ഏണിയിൽ കയറിയപ്പോൾ രണ്ടുതവണ വീണ് പരിക്കേറ്റെന്നും ഇതേ തുടർന്നുണ്ടായ മുറിവിലെ രക്തക്കറയാണ് ഭിത്തിയിൽ കണ്ടതെന്നുമുള്ള അവിശ്വസനീയവും വസ്തുതാപരമല്ലാത്തതുമായ വിശദീകരണമാണ് സി.ബിഐയുടേത്. ആക്രമണമോ മറ്റോ പ്രതിരോധിക്കുന്നതിനിടയിലുണ്ടായതാവാം ശശീന്ദ്രന്‍റെ ശരീരത്തിലെ മുറിവുകളെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ മേധാവി ഡോ. കെ. ശ്രീകുമാരിയുടെ കണ്ടെത്തൽ തള്ളിക്കളഞ്ഞത് വീട്ടിൽനിന്ന് അസ്വാഭാവിക ശബ്ദമൊന്നും കേട്ടില്ലെന്ന പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
ഒരു പ്രയോജനവുമില്ലാതെയാണ് 10 വർഷത്തിലേറെ അന്വേഷണം നീണ്ടുപോയതെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം കേസുകളിൽ സി.ബി.ഐ നടത്തുന്ന അന്വേഷണം കണ്ണിൽ പൊടിയിടുന്നതാവരുതെന്നും വ്യക്തമാക്കി.
കൊല്ലങ്കോട്: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന ഹൈകോടതി വിധി ആശ്വാസകരമാണെന്ന് ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ പറഞ്ഞു. വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ സിമന്റ്സിലെ ചില ഉദ്യോഗസ്ഥരും ഗുണ്ടകളും രണ്ട് വാഹനത്തിൽ കമ്പനിയിൽ പുനർനിയമന കത്ത് നൽകാനെന്ന പേരിൽ ശശീന്ദ്രന്റെ വീട്ടിലെത്തി കൊലപാതകം നടത്തി കെട്ടിത്തൂക്കി രക്ഷപ്പെടുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.