മലപ്പുറം: കേരളാ സ്റ്റോറി സിനിമ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ബി.ജെ.പി നിലപാടിനെതിരെ മലപ്പുറത്തെ പാർട്ടി സ്ഥാനാർഥി എം. അബ്ദുൽ സലാം. അയോധ്യയും ഗ്യാൻവാപിയും സി.എ.എയും കേരളാ സ്റ്റോറിയുമെല്ലാം കത്തിച്ച് കത്തിച്ച് അതിന്റെ ചൂടിൽ പൊരിയുന്നത് താനാണെന്ന് പറഞ്ഞ അദ്ദേഹം, ക്രിസ്മസിന് ക്രൈസ്തവരുടെ വീട്ടില്‍ പോയ ബി.ജെ.പി നേതാക്കള്‍ ഈദിന് മുസ്‍ലിം ഭവനങ്ങളിലും പോകണ്ടേയെന്നും ചോദിച്ചു.
‘അയോധ്യയും ഗ്യാൻവാപിയും സി.എ.എയുമെല്ലാം കത്തിച്ചു. ഇപ്പോള്‍ കേരളാ സ്റ്റോറി കത്തിച്ചു. ഇതെല്ലാം കത്തിച്ച് കത്തിച്ച് അതിന്റെ ചൂടിൽ പൊരിയുന്നത് ഞാനാണ്. ഈ സമയത്തല്ലായിരുന്നെങ്കിൽ എന്റെ ചൂടൊന്ന് കുറഞ്ഞേനെ. ഞാൻ കേരള സ്റ്റോറി കണ്ടിട്ടില്ല. എന്നാൽ, അത് മുസ്‍ലിംകൾക്ക് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഈ സമയത്ത് ഈ വിവാദം വന്നത് മലപ്പുറം പോലെ 70 ശതമാനം മുസ്‍ലിംകളുള്ളിടത്ത് ബാധിച്ചേക്കാം. ക്രിസ്മസിന് ക്രൈസ്തവരുടെ വീട്ടില്‍ പോയ ബി.ജെ.പി നേതാക്കള്‍ ഈദിന് മുസ്‍ലിം ഭവനങ്ങളിലും പോകേണ്ടതായിരുന്നു. ക്രിസ്മസിന് പോകാമെങ്കിൽ ഈദിനും പോകണ്ടേ?’ -അബ്ദുസ്സലാം ചോദിച്ചു.
സി.എ.എ വിഷയത്തിൽ മുസ്‍ലിം മേഖലകളിൽ ബി.ജെ.പി നേതൃത്വം മതിയായ വിശദീകരണം നൽകിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കവേ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.