തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാളചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്. മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കാലിഡോസ്കോപ്പ് വിഭാഗങ്ങളിലാണ് പ്രദർശനം.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. ആനന്ദ് ഏകർഷിയുടെ ആട്ടവും മേളയിലെ ആകർഷക ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. സ്വവർഗ്ഗാനുരാഗികളുടെ ജീവിതയാഥാർഥ്യങ്ങളും സങ്കീർണതകളും പങ്കുവെക്കുന്ന ‘കാതൽ’ എന്ന ചിത്രം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പ്രദർശിപ്പിച്ചത്.
സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ മലയാള സിനിമകൾ.
തിരുവനന്തപുരം: ലോകമെമ്പാടുള്ള ചലച്ചിത്ര ആരാധകർക്ക് കിം കി ഡുക്ക് ചലച്ചിത്ര സംവിധായകനായിരുന്നെങ്കിൽ ഡിസംബറിൽ തീർഥാടനംപോലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഒഴുകിയെത്താറുള്ള മലയാളികളെ സംബന്ധിച്ച് കിം കി ഡുക്ക് ഒരു വികാരമായിരുന്നു, കാഴ്ചകളെ സര്ഗാത്മകമാക്കിയ മജിഷ്യൻ. ഒരു വസന്തം പോലെ ചലച്ചിത്രപ്രേമികളെ മോഹിപ്പിച്ച് കിം കാലയവനികയിൽ മറഞ്ഞിട്ട് മൂന്നുവർഷം.
എങ്കിലും കിം കി ഡുക് എന്ന മനുഷ്യന്റെ ഓർമകൾ 28ാം മേളയിലും മായാതെ മങ്ങാതെയുണ്ട്. ഡിസംബറിന്റെ തണുപ്പിൽ ഒരു വസന്തവുമായാണ് ആദ്യമായി കിം കി ഡുക് എന്ന കൊറിയൻ സംവിധായകൻ കേരളത്തിലേക്കെത്തിയത്, 2005ൽ. കേരളത്തിന്റെ തെക്കൻ ജില്ലയിലേക്ക് തെക്കൻ കൊറിയയിൽനിന്നൊരു വസന്തം: ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആൻഡ് സ്പ്രിങ്’ എന്ന ഋതുഭേദങ്ങളുടെ കഥയുമായെത്തിയ സംവിധായകനെ ചലച്ചിത്രപ്രേമികൾ പിന്നീടങ്ങോട്ട് ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ, കേരളത്തിൽ തനിക്ക് ഇത്രയുമധികം ആരാധകരുണ്ടെന്ന് കിം അറിയുന്നത് 2013ലാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അതിഥിയായെത്തിയ കിം ശരിക്കും ഞെട്ടി. കാറിൽനിന്ന് പുറത്തിറങ്ങാൻപോലും ലോകസംവിധായകൻ ബുദ്ധിമുട്ടി. അന്ന് ഹോട്ടലിൽനിന്നു നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ കിമ്മിനെ ആരാധകർ വളഞ്ഞു. ബസിൽനിന്നും ഓട്ടോറിക്ഷയിൽനിന്നും തലനീട്ടി മലയാളി അഭിവാദ്യം ചെയ്തപ്പോൾ കിം ശരിക്കും ഞെട്ടി. ചലച്ചിത്രമേളയെ ഇളക്കിമറിച്ചാണു കിം മടങ്ങിയത്.
2019വരെ കേരളത്തിലെ ഓരോ ചലച്ചിത്രമേളയും കിം കി ഡുക്കിന്റെ ചിത്രങ്ങളുടെ പേരിലായിരുന്നു ജനങ്ങൾ ഇരച്ചുകയറിയത്. ആദ്യകാലത്തെ ശാന്തത അവസാന സിനിമകളിലേക്കെത്തുമ്പോൾ ഭീകരമായ വയലൻസിലേക്ക് മാറിയപ്പോഴും പ്രേക്ഷകർ ഡുക്കിനെ കൈവിട്ടില്ല. അവർ കിം കി ഡുക്കിനെ നെഞ്ചോടു ചേർത്തു. മൂന്നാം വർഷത്തിലും അവർ കിമ്മിനെ നെഞ്ചോട് ചേർക്കുന്നുണ്ട്.
തിരുവനന്തപുരം: സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ സിനിമയിൽ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷന്റെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപൺ ഫോറം. യഥാർത്ഥ സ്ത്രീപക്ഷം പുരുഷന്മാർ പറയാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടിവരുന്നതെന്നും ശ്രുതി ശരണ്യം പറഞ്ഞു. സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകൾ മാത്രമായി ചുരുങ്ങുകയാണെന്ന് ജാപ്പനീസ് ക്യൂറേറ്റർ കികി ഫുങ് പറഞ്ഞു.
സ്ത്രീനോട്ടം മാത്രമല്ല പുരുഷ നോട്ടവും ചർച്ച ആകണമെന്ന് നാതാലിയ ശ്യാം പറഞ്ഞു. ശരീര രാഷ്ട്രീയം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്ക്രീനിൽ പുരുഷൻ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്ന് വിധു വിൻസെന്റ് പറഞ്ഞു. ശ്രേയ ശ്രീകുമാർ, സംഗീത ചേനംപുള്ളി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ബോളിവുഡ് നടൻ നാന പടേക്കറിനെ ക്ഷണിച്ചതിൽ വിമർശനം ശക്തം. കശ്മീർ ഫയൽസ്, കേരള സ്റ്റോറി പോലുള്ള സംഘ്പരിവാർ പ്രചാരണ സിനിമകളെ ന്യായീകരിച്ച് രംഗത്തുവന്ന ഒരാളെ ഇടത് സർക്കാറും സംസ്ഥാന ചലച്ചിത്ര അക്കാദമിയും എന്തിനാണ് മേളയിലേക്ക് ക്ഷണിച്ചതെന്നാണ് ഒരുവിഭാഗം ചലച്ചിത്ര പ്രേമികളുടെയും പ്രവർത്തകരുടെയും നിരൂപകരുടെയും ചോദ്യം.
ടി.വി ചാനൽ ഷോകളുടെ അഭിമുഖങ്ങളിലും തീവ്രസംഘ്പരിവാർ രാഷ്ട്രീയം പിൻപറ്റുന്നയാളാണ് നാന പടേക്കർ. സുദീപ് സെന്നിന്റെ കേരള സ്റ്റോറിയിലും വിവേക് ആഗ്നിഹോത്രിയുടെ കശ്മീർ ഫയൽസിനെയും വിമർശിച്ച നസിറുദ്ദീൻ ഷാക്കെതിരെ വിവേക് അഗ്നിഹോത്രിയോടൊപ്പം നാന പടേക്കർ രംഗത്തുവന്നിരുന്നു. അങ്ങനെയൊരാളെ മുഖ്യാതിഥിയാക്കിയത് ഇടത് സർക്കാർ നിലപാടാണോയെന്ന് ചലച്ചിത്ര നിരൂപകൻ ഒ.കെ. ജോണി ചോദിച്ചു.
സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ പ്രചാരകനായ നാന പടേക്കർ എങ്ങനെ അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഇതിഹാസകാരനായിയെന്ന വിമർശനവുമായി അഭിഭാഷകനായ സി. ഷുക്കൂർ രംഗത്തെത്തി. വിഷയത്തിൽ അക്കാദമി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തേ കമ്യൂണിസ്റ്റ് വിരുദ്ധനായ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകുന്നതിനെച്ചൊല്ലി അക്കാദമിക്കുള്ളിൽതന്നെ ഭിന്നാഭിപ്രായമുയർന്നിരുന്നു.
എന്നാൽ, സനൂസിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമോ വിശ്വാസമോ നിലപാടുകളോ അല്ല ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്നും അദ്ദേഹത്തിന്റെ സിനിമകൾക്കാണ് പുരസ്കാരം നൽകുന്നതെന്നുമായിരുന്നു അക്കാദമിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.