തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയിൽ യുവാക്കളുടെയും മുതിർന്ന പൗരന്മാരുടെയും അനുപാതത്തിൽ കാതലായ മറ്റം. ബജറ്റിലെ കണക്ക് പ്രകാരം മലയാളികളിൽ തൊഴിലെടുക്കാൻ ശേഷിയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുകയും പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ്. ആശ്രിത ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറുന്നു.
2021ലെ കണക്ക് പ്രകാരം ജനസംഖ്യയിൽ 16.5 ശതമാനം പേർ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോൾ ഇത് 20 ശതമാനം കവിയുമെന്നാണ് ജനസംഖ്യ പഠന റിപ്പോർട്ട്. 1980കളിലും 90കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികളാണ് കേരളത്തിൽ ജനിച്ചതെങ്കിൽ 2021ൽ 4.6 ലക്ഷമായി കുറഞ്ഞു. നിലവിലെ പോക്കനുസരിച്ച് 2031 ആകുമ്പോൾ 3.6 ലക്ഷമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
തൊഴിൽസേന എന്ന് വിളിക്കാവുന്ന യുവജനതയും മുതിർന്ന പൗരന്മാരും തമ്മിലുള്ള അനുപാതം (പൊട്ടൻഷ്യൽ സപ്പോർട്ട് റേഷ്യോ) നേരത്തേ ഉണ്ടായിരുന്ന 4:5ൽനിന്ന് 2021ൽ 3:4 ലേക്ക് കുറഞ്ഞു. പത്തുവർഷത്തിനകം അത് 2:3 ലേക്ക് കുറയാനാണ് സാധ്യത.
ഇതിനെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്നും പരിഹാര നടപടികൾ ഉണ്ടാകണമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ഒരു കുട്ടിയുടെ സ്കൂൾ പഠനത്തിന് സർക്കാർ ചെലവാക്കുന്നത് 50,000 രൂപയാണ്. ഉന്നതപഠനത്തിന് ചെലവ് പതിന്മടങ്ങാണ്. സർക്കാർ ചെലവിൽ പഠിച്ച് വിദേശത്ത് പോകുന്നവർ അവിടെ സ്ഥിരമാക്കുന്നതാണ് തൊഴിൽസേന കുറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.