കോട്ടയം: നൈജീരിയയിൽ തടവിലായ മലയാളി നാവികൻ സനു ജോസ് ക്രിസ്മസ് ദിനത്തിലെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷ വെറുതെയായി. നയതന്ത്ര നീക്കങ്ങളും ഇടപെടലുകളും പുരോഗമിക്കുന്നുവെന്ന് അധികൃതർ പറയുമ്പോഴും ഭാര്യ മെറ്റിൽഡയുടെയും രണ്ടു കുഞ്ഞുമക്കളുടെയും കാത്തിരിപ്പ് നീളുകയാണ്.
ആഗസ്റ്റ് എട്ടിനാണ് ‘ഹീറോയിക് ഇഡുന്‍’ ചരക്കുകപ്പൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ നൈജീരിയൻ സേന പിടികൂടിയത്. കപ്പൽ ചീഫ് ഓഫിസർ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൻ ഡിക്കോത്ത്, കൊല്ലത്തെ വിസ്മയയുടെ സഹോദരൻ വിജിത് വി. നായർ എന്നീ മലയാളികളടക്കം 26 പേരാണ് കപ്പലിലുണ്ടായിരുന്നത്.
തുടക്കത്തിൽ സനു വിഡിയോ കാൾ വിളിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു വിവരവുമില്ലെന്ന് മെറ്റിൽഡ പറഞ്ഞു. ‘‘13 ദിവസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിളിച്ചത്. താൻ ഒ.കെയാണ് എന്നു മാത്രം പറഞ്ഞു. മറ്റൊന്നും ചോദിക്കാനോ പറയാനോ കഴിയുംമുമ്പ് കാൾ കട്ടായി.
ഫോൺ നൈജീരിയൻ സേനയുടെ കൈവശമാണ്. അവർക്ക് തോന്നുമ്പോൾ വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകും. അവർക്ക് കൂടി മനസ്സിലാവാൻ ഇംഗ്ലീഷിൽ മാത്രമേ ഫോണിൽ സംസാരിക്കാവൂ. സുഖമാണോ, എന്തെങ്കിലും അസുഖമുണ്ടോ, ഭക്ഷണം കിട്ടുന്നുണ്ടോ ഒന്നും അറിയാൻ വഴിയില്ല’’.
മക്കളായ മൂന്നാം ക്ലാസ് വിദ്യാർഥി ബെനഡിക്ടിനും എൽ.കെജിയിൽ പഠിക്കുന്ന എലിസബത്തിനും കാര്യങ്ങളറിയില്ല. സനു ജോലിക്കുപോയെന്നാണ് കരുതുന്നത്. നേരത്തേ സനു വിളിക്കുമ്പോൾ മക്കളെ വിഡിയോ കാളിൽ കാണുമായിരുന്നു. എപ്പോഴാണു വിളിക്കുന്നതെന്നു മുൻകൂട്ടി അറിയാനാവില്ല. വിളിക്കുമ്പോൾ മക്കൾ അടുത്തുണ്ടാവണമെന്നുമില്ല.
കുസാറ്റിൽ അസി. പ്രഫസറാണ് മെറ്റിൽഡ. സനുവും മെറ്റിൽഡയും വയനാട്ടുകാരാണ്. സുൽത്താൻ ബത്തേരി സ്വദേശി ജോസിന്റെയും ലീലയുടെയും മകനാണ് സനു. ജോലിയുടെ സൗകര്യാർഥമാണ് ഇരുവരും കടവന്ത്രയിലേക്ക് മാറിയത്. കഴിഞ്ഞ മേയ് 15നാണ് സനു നാട്ടിൽവന്നു മടങ്ങിയത്.
കപ്പലിൽ ജോലിക്കുകയറിയിട്ട് 15 വർഷമാകുന്നു. മോചനം സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും അധികൃതരിൽനിന്നു ലഭ്യമായിട്ടില്ല. നാവികരുടെ മോചനത്തിന് കപ്പൽ കമ്പനി നൈജീരിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത ഹിയറിങ് ജനുവരി പത്തിനാണ്. അന്നെങ്കിലും ശുഭവാർത്തയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.