തൃശൂർ: ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്കുനേരെ വധഭീഷണി, പിറ്റേന്ന് കെട്ടിറങ്ങിയപ്പോൾ കരച്ചിലും മാപ്പുപറച്ചിലും. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കൊലവിളിയും മാപ്പുപറച്ചിലും അരങ്ങേറിയത്. മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ തിങ്കളാഴ്ചയാണ് പൊലീസ് പൊക്കിയത്. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് പിടിയിലായത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു 'അന്യന്‍' തമിഴ് സിനിമയിലെ വിക്രമിന്‍റെ ഭാവം പുറത്തെടുത്തത്.
പൊലീസുകാർക്കുനേരെയുള്ള ഭീഷണി ഇങ്ങനെ: ''തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകും. എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരുസ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ചുവരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല'' എന്നായിരുന്നു വെല്ലുവിളി.
രാവിലെ എഴുന്നേറ്റ് ലഹരി വിട്ടപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. ഇതോടെ 'അന്യൻ' സിനിമയിലെ പഞ്ചപാവം കഥാപാത്രമായ 'അംബി' ഭാവം വിടർന്നു. പൊലീസിന് മുന്നിൽ അനുസരണക്കാരനായ സൈവിന്‍ മദ്യലഹരിയിൽ പറ്റിപ്പോയതാണെന്ന് പറഞ്ഞ് കരഞ്ഞു. ദൃശ്യങ്ങൾ മുഴുവൻ പൊലീസുകാർ മൊബൈൽ ഫോണിൽ പകർത്തി. ''എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ല'' എന്ന് യുവാവ് പറയുന്നത് വിഡിയോയില്‍ കാണാം. മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, പൊലീസ് കസ്റ്റഡിയിലിരിക്കെ പകർത്തിയ പ്രതിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിൽ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.