കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട് നാല് വോട്ടർമാർക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം നൽകി ഹൈകോടതിയുടെ ഉത്തരവ്. നാലുപേർക്ക് സമൻസ് നൽകാൻ മുതിർന്നപ്പോൾ ചിലരിൽനിന്ന് ഭീഷണിയുണ്ടായെന്ന പ്രത്യേക ദൂതെൻറ (മെസഞ്ചർ) റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഇവരെ സമൻസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച മുതൽ ഇവരിൽനിന്ന് മൊഴിയെടുക്കാനും തീരുമാനിച്ചു. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച ഹാജരാകാൻ പത്തുപേർക്ക് പ്രത്യേക ദൂതൻ മുഖേന സമൻസ് അയച്ചെങ്കിലും അഞ്ചുപേർക്ക് മാത്രമേ കൈമാറാനായുള്ളൂ. അഞ്ചുപേർ സ്ഥലത്തില്ലായിരുന്നെന്നും അതിൽ രണ്ടുപേരുടെ വിലാസംപോലും ഇല്ലായിരുന്നുവെന്നും മെസഞ്ചർ അറിയിച്ചു.
വെള്ളിയാഴ്ച ഹാജരാവേണ്ടവരിൽ ചിലരും സ്ഥലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും സമൻസ് നൽകാനായില്ല. ഇക്കൂട്ടത്തിലാണ് ഭീഷണിയുള്ള വിവരവും റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് പൊലീസ് സംരക്ഷണയോടെ സമൻസ് നൽകാൻ ഉത്തരവായത്. ഇപ്രകാരം സമൻസ് ലഭിക്കുന്നവർ ജൂൺ 16നാണ് കോടതിയിൽ ഹാജരാകേണ്ടത്. ഇതിനിടെ, മരിച്ച നാലുപേരുടെ പേരിൽ വോട്ട് ചെയ്തതിെൻറ രേഖകൾ സുരേന്ദ്രെൻറ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.