നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലം മാറ്റം

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം നൽകി ഉത്തരവ്. കോന്നി തഹസിൽദാർ ആയിരുന്ന മഞ്ജുഷക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്കാണ് സ്ഥലംമാറ്റം.  തിങ്കളാഴ്ച മുതല്‍ പത്തനംതിട്ട കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കാവും പുതിയ നിയമനം.

മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. തഹസിൽദാർ എന്നത് ഏറെ ഉത്തരവാദിത്തമുള്ള പദവിയാണെന്നും ആ ചുമതലകളിൽ നിന്ന് ഒഴിവാക്കി സ്ഥലം മാറ്റം നൽകണമെന്നും കാണിച്ചാണ് മഞ്ജുഷ ​അപേക്ഷ നൽകിയത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ അവധിയിലാണ് അവർ.

എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനിടെ, നവീൻ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കിയിരിക്കുകയാണ് വിജിലൻസ് സ്പെഷൽ സെൽ. അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും.

കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ആണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയത്. കോൺഗ്രസ് നേതാവായ ടി.ഒ. മോഹനനും വിജിലൻസിനു പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തി.

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കലക്ടര്‍ അരുൺ കെ. വിജയനും  ടി.വി. പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.