മാവോവാദി വേട്ട: ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം

കോട്ടയം: നിലമ്പൂരില്‍ മാവോവാദികള്‍ വെടിയേറ്റ് മരിച്ച സംഭവം വിവാദമായതോടെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ക്രമസമാധാനപാലനമടക്കം ചുമതലയുള്ള ഉന്നത ഉദ്യോഗസഥര്‍ നീക്കം ശക്തമാക്കി.

വെടിവെപ്പ് നിയമയുദ്ധത്തിലേക്കും വിവിധ അന്വേഷണത്തിലേക്കും നീണ്ടതോടെ എങ്ങനെയും തലയില്‍നിന്ന് ഒഴിവാക്കാന്‍ ലോക്കല്‍ പൊലീസിലെയും ജില്ല, സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിലെയും ഉന്നതര്‍ തിരക്കിട്ട ശ്രമത്തിലാണ്. സംഭവത്തെക്കുറിച്ച് ഒരവസരത്തില്‍ പോലും തങ്ങളെ ആരും ഒൗദ്യോഗികമായി അറിയിച്ചിട്ടില്ളെന്നാണ് ഇവരുടെ നിലപാട്.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ പലരും സംഭവത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും വെടിവെപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതയില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് തലപ്പത്തും ഇതിന്‍െറ പേരില്‍ ചേരിതിരിവ് പ്രകടമാണെന്നാണ് വിവരം. മാവോവാദി വേട്ടയുടെ ചുമതലയുള്ള കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കുമാണ് നിലമ്പൂര്‍ ഓപറേഷന്‍െറ പൂര്‍ണ ഉത്തരവാദിത്തമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെ കുറിച്ച് അറിവ് കിട്ടിയിരുന്നില്ളെന്ന് ഇന്‍റലിജന്‍സ് വിഭാഗവും കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെയോ ആഭ്യന്തര വകുപ്പിലെ ഉന്നതരെയോ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാന്‍ ഇതുമൂലം കഴിഞ്ഞില്ളെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിലപാട്. സംഭവം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ളെന്നാണ് എസ്.പിക്കെതിരെയുള്ള പ്രധാന ആരോപണം.

അവധിയിലായിരുന്ന ഉത്തര മേഖല എ.ഡി.ജി.പി സുധേഷ് കുമാറിനു പകരം ചുമതല വഹിച്ചിരുന്ന ദക്ഷിണ മേഖല എ.ഡി.ജി.പി സംഭവം അറിഞ്ഞയുടന്‍ ഒരു ഉന്നത ഉദ്യോഗസ്ഥനോട് അടിയന്തരമായി കണ്ണൂര്‍ക്ക് പോകാന്‍ നിര്‍ദേശിച്ചു.

വിവരമറിഞ്ഞ് പുറപ്പെട്ട ഉദ്യോഗസ്ഥന്‍ യാത്രക്കിടെ കണ്ണൂരിലേക്കല്ല നിലമ്പൂരിലേക്കാണ് വരേണ്ടതെന്നറിഞ്ഞ് റൂട്ട് മാറ്റി. ദിനേന്ദ്ര കശ്യപുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്‍െറ ഗൗരവം അറിയുന്നതെന്നും ഈ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

അവധി കഴിഞ്ഞത്തെിയ ഉത്തര മേഖല എ.ഡി.ജി.പി കോഴിക്കോട്ട് എത്തിയ ശേഷം ഞായറാഴ്ച മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്ത് എത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഇതേവരെ നിലമ്പൂരിലോ മലപ്പുറത്തോ എത്തിയതുമില്ല.

Tags:    
News Summary - maoist encouter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.