ഭാരതം അസഹിഷ്ണുതയുടെ നാടായി  –ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

കോഴഞ്ചേരി: ഭാരതം അസഹിഷ്ണുതയുടെ നാടായി മാറുകയാണെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. പമ്പാ മണല്‍പ്പുറത്ത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആട്ടിറച്ചി വാങ്ങിവെച്ചതിന് മാട്ടിറച്ചി എന്നാരോപിച്ച് മുസ്ലിം സഹോദരനെ തല്ലിക്കൊന്ന ഭാരതത്തില്‍ മനുഷ്യന് നായുടെ വിലപോലും ഇല്ലാതെയായി. ഇവിടെയാണ് ബൈബിള്‍ വചനം പ്രകാശമായി മാറേണ്ടത്. ക്രിസ്തു ദൈവത്തിന്‍െറ മനുഷ്യമുഖമാണ്. ഈ ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ സ്വന്തം മുഖത്തിലൂടെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണം. 

രാത്രി യോഗങ്ങളില്‍ മാരാമണ്‍ കണ്‍വെന്‍ഷന് സ്ത്രീകളെ കയറ്റണമെന്ന ആവശ്യം ആരും അംഗീകരിക്കുന്നില്ല. പമ്പാനദിയിലെ മാരാമണ്‍ മണല്‍പ്പുറത്തിന് മാര്‍ത്തോമ സഭ കരം കൊടുക്കുന്നതാണ്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുവിശേഷ പ്രസംഗസംഘത്തില്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ല. വേണ്ടിവന്നാല്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ സഭ നേരിട്ട് ഏറ്റെടുത്തു നടത്തുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. 

രാഷ്ട്രനേതാക്കന്മാരുടെ ഭ്രാന്തമായ നടപടി ലോകത്തെ ഭീതിയിലാഴ്ത്തുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സുവിശേഷസംഘം പ്രസിഡന്‍റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ പറഞ്ഞു. ആദ്യ യോഗത്തില്‍ ദിക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര പ്രവര്‍ത്തകന്‍ കൂടിയായ ബിഷപ് മുകുന്ദലോലി റാമലോണ്ടി മുഖ്യപ്രഭാഷണം നടത്തി. സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് വര്‍ഗീസ് പുന്നക്കാട് സ്വാഗതം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത, ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, മാര്‍ത്തോമ സഭയിലെ ബിഷപ്പുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

Tags:    
News Summary - maramon convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.