മസാല ബോണ്ട്: പ്രഥമദൃഷ്ട്യാ ചട്ടലംഘനമെന്ന് ഇ.ഡി ഹൈകോടതിയിൽ

കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വിദേശനാണ്യവിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. മസാല ബോണ്ട് വഴി സമാഹരിച്ച തുക റിയൽ എസ്റ്റേറ്റ് ഇടപാടിൽ വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കി.

മസാല ബോണ്ട് അന്വേഷണ ഭാഗമായി ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കും ഒന്നര വർഷമായി ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് കിഫ്ബിയും നൽകിയ ഹരജികളിലാണ് വിശദീകരണം. അതേസമയം, ആരോപണങ്ങൾ തങ്ങളുടെ വിശ്വാസ്യതയെയും നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നെന്ന് കിഫ്ബി വ്യക്തമാക്കി. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹരജികൾ ഒക്ടോബർ പത്തിന് വിധി പറയാൻ മാറ്റി.

മൊഴിയെടുക്കാൻ സമൻസ് നൽകിയത് അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടമാണെന്നും ഈ ഘട്ടത്തിൽ ഹരജിക്കാർ കോടതിയെ സമീപിച്ചത് അപക്വമാണെന്നും ഇ.ഡി പറഞ്ഞു. പണം എവിടേക്കാണ് വകമാറ്റിയതെന്നാണ് അന്വേഷിക്കുന്നത്. ഈ ഘട്ടത്തിൽ സമൻസുകളിൽ കോടതിക്ക് ഇടപെടാനാവില്ല. എന്നാൽ, തങ്ങൾ റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതായോ വിദേശനാണ്യ വിനിമയ ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥലംഘിച്ചതായോ പറയുന്നില്ലെന്ന് കിഫ്ബി ബോധിപ്പിച്ചു. മറ്റു മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന് ഇ.ഡിയോട് കോടതി ചോദിച്ചെങ്കിലും ഇതിന് മറുപടി നൽകിയിട്ടില്ല.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നാണ് 18 മാസമായി ഇ.ഡി പറയുന്നത്. കിഫ്ബിയുമായി ഒരു ബന്ധവുമില്ലാത്ത, നാട്ടിലും വിദേശത്തുമുള്ള തന്‍റെ ബന്ധുക്കളുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. വിദേശനാണ്യ വിനിമയ ചട്ടത്തിൽ ലംഘനമുണ്ടോയെന്ന് അന്വേഷിക്കാൻ ഇ.ഡിക്ക് നിയമപരമായി കഴിയില്ലെന്നും ഐസക് വാദിച്ചു.

മസാല ബോണ്ടിറക്കിയതിൽ അപാകതയുണ്ടെന്ന് സി.എ.ജി അറിയിച്ചിരുന്നോയെന്ന് കോടതി ആരാഞ്ഞു. എന്നാൽ, കിഫ്ബിക്കെതിരായ പരാമർശം നിരാകരിച്ച് നിയമസഭ പ്രമേയം പാസാക്കിയിരുന്നതായി സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു. തുടർന്നാണ് ഹരജികൾ വിധി പറയാൻ മാറ്റിയത്.

Tags:    
News Summary - Masala Bond: prima facie violation found; ED in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.