കൊച്ചി: കോവിഡിനെതിരെ മാസ്ക് നിർബന്ധമാക്കിയപ്പോൾ പകർച്ചവ്യാധികൾക്കെതിരെ ശക്തിയേറിയ പ്രതിരോധ കവചമാകുമെന്ന് ആരും കരുതിയില്ല.
മാസ്ക് ശീലമാക്കിയതോടെ സർവസാധാരണമായിരുന്ന ജലദോഷവും പനിയും തുമ്മലും കണ്ണും ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങളും വിരളമായി. ഇതോടെ സംസ്ഥാനത്ത് ആൻറിബയോട്ടിക്ക് വിൽപനയും ഗണ്യമായി കുറഞ്ഞു.
കേരളത്തിൽ പ്രതിമാസം 12,000 കോടിയുടെ മരുന്ന് വിൽക്കുന്നതായാണ് കണക്ക്. 35 ശതമാനവും ആൻറി ബയോട്ടിക്കുകളാണ്. ഇവയുടെ വിൽപന ഇപ്പോൾ പത്ത് ശതമാനത്തിൽ താഴെയായി.
മരുന്ന് വിൽപനശാലകളിൽ നേരത്തേ സംഭരിച്ച കോടികളുടെ ആൻറിബയോട്ടിക്കുകളാണ് കാലാവധി കഴിയുന്നത്. മുൻ വർഷങ്ങളിൽ മേയ് മുതൽ ഒക്ടോബർ വരെ മാസങ്ങളിലാണ് ആൻറി ബയോട്ടിക് വിൽപന കൂടുതൽ നടന്നിരുന്നത്.
എന്നാൽ, ഇപ്പോൾ ആവശ്യക്കാർ വളരെ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മാസ്കും കൈകഴുകലും സാമൂഹിക അകലവും ജീവതൈശലിയായതും യാത്രകൾ കുറഞ്ഞതുമാണ് ഇതര പകർച്ചവ്യാധികൾ ഗണ്യമായി കുറയാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ഇതിൽ തന്നെ മാസ്കാണ് മികച്ച പ്രതിരോധം ഒരുക്കുന്നതെന്നാണ് വിലയിരുത്തൽ. ഭാവിയിലും മാസ്ക് ജീവിതത്തിെൻറ ഭാഗമായാൽ ഒട്ടേറെ രോഗങ്ങളെ അകറ്റാനാകുമെന്നും ആൻറിബയോട്ടിക്ക് ഉപയോഗം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിസ്സാര രോഗങ്ങൾക്ക് മെഡിക്കൽ സ്റ്റോറിൽനിന്ന് ആൻറിബയോട്ടിക്കുകൾ വാങ്ങി സ്വയം ചികിത്സിക്കുന്ന രീതിക്കും മാറ്റം വന്നു.
അതേസമയം, കോവിഡിെൻറ ആദ്യ മാസങ്ങളിൽ ഉണ്ടായ വിൽപന ഇപ്പോൾ സാനിറ്റൈസറിന് ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിലെ ജാഗ്രത കുറവ് കോവിഡ് വ്യാപന കാരണങ്ങളിൽ ഒന്നായും പറയുന്നു.
എന്നാൽ, മാസ്ക് വിൽപന വൻതോതിൽ ഉയർന്നു. മാസ്ക് ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതും കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.