തൃശൂരിൽ പൊട്ടിച്ചിതറിയത് അമിട്ട് ഗുളികകൾ; ഭൂകമ്പമെന്ന് കരുതി പേടിച്ച് പ്രദേശവാസികൾ, 10 കി.മീറ്റർ ദൂരേക്ക് സ്ഫോടനത്തിന്റെ പ്രകമ്പനം

എരുമപ്പെട്ടി (തൃശൂർ): ഭൂമികുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് കുണ്ടന്നൂരില്‍ സ്‌ഫോടനം നടന്ന വെടിക്കെട്ട് നിർമാണ ശാലയുടെ പരിസരത്തുള്ള വീട്ടുകാർ. നിമിഷങ്ങളുടെ വ്യത്യാസത്തിത്തിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. പത്ത് കിലോമീറ്ററിലധികം ദൂരേക്ക് സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി.

സമീപത്ത് വീടുകളില്ലെങ്കിലും അര കിലോമീറ്റർ പരിധിയിലെ വീടുകളിലെ ജനൽചില്ലുകളെല്ലാം സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡും സമീപത്തെ തെങ്ങ്, മരങ്ങൾ എന്നിവയും പൂര്‍ണമായി കത്തിനശിച്ചു. സ്ഥലത്തെ തെങ്ങിലെ തേങ്ങകൾ നൂറ് മീറ്ററോളം അകലെ വരെ തെറിച്ചു വീണു.

ഇന്നലെ വൈകീട്ട് അഞ്ചിനാണ് സംഭവം. സ്​ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ ആലത്തൂര്‍ കാവശ്ശേരി സ്വദേശി മണികണ്ഠനെ (മണി -50) മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്നാട് ശിവകാശിയിൽനിന്നുള്ള നാല് തൊഴിലാളികൾ പണി കഴിഞ്ഞ് കുളിക്കാൻ പോയതിനാൽ രക്ഷപ്പെട്ടു.

കുണ്ടന്നൂർ തെക്കേ പാടശേഖരത്തിന് സമീപത്തെ കുണ്ടന്നൂർ സുന്ദരാക്ഷൻ പാട്ടത്തിനെടുത്ത പറമ്പിൽ, കള്ളിവളപ്പിൽ ശ്രീനിവാസന്റെ വെടിക്കെട്ട് ശാലയിലായാണ് തീപിടിത്തമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ അകലെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

വിവിധ വർണങ്ങളിൽ പൊട്ടിവിരിയുന്നതിന് അമിട്ടിൽ ചേർക്കുന്ന ഗുളികകൾ ഉണക്കി സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഉണങ്ങിയ ഗുളികയിൽ ഒന്നിൽ തീ ജ്വലിക്കുന്നത് കണ്ടപ്പോൾ മണികണ്ഠൻ തീയണക്കാൻ വെള്ളമൊഴിച്ചതോടെയാണ് എല്ലാം കൂടി ഉഗ്രസ്ഫോടനത്തോടെ കത്തിയതെന്ന് പറയുന്നു. ഉണക്കത്തിന്റെ സമയമനുസരിച്ച് രണ്ട് ഭാഗങ്ങളിലായാണ് ഗുളികകൾ സൂക്ഷിച്ചിരുന്നത്. വീര്യം കൂടിയ രാസവസ്തുക്കളായതിനാലാണ് ഉണക്കുന്നതിനിടെ സ്ഫോടനം നടക്കാൻ കാരണമെന്ന് വെടിക്കെട്ട് വിദഗ്ധർ പറയുന്നു. 50 കിലോഗ്രാമിൽ കൂടുതൽ അമിട്ട് ഗുളികകൾ ഉണ്ടായിരുന്നതായി പറയുന്നു.

വടക്കാഞ്ചേരിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്താൽ തീയണച്ചത്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജ്, വടക്കാഞ്ചേരി പൊലീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എ.സി. മൊയ്തീൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.


Tags:    
News Summary - Massive explosion in firecracker shed in Thrissur's kundannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.