മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി മരണത്തിനു കീഴടങ്ങിയത് ഏഴുപേർ

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായത് നിരവധി പേർ. ബാങ്ക് ഇടപാടിൽ മനംനൊന്ത് ഒരു ആത്മഹത്യ ഉൾപ്പെടെ ഏഴോളം മരണമുണ്ടായി. രോഗശയ്യയിൽ മരുന്നിനുപോലും വകയില്ലാതെ കഴിയുന്നവർ ഇന്നും നിരവധിയാണ്. നാല് വർഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ 2021 ജൂൺ ആറിനാണ് ഹരിപ്പാട് കൊട്ടയ്ക്കാട്ട് സി. വേണുഗോപാലൻ നായർ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.

അർബുദം ബാധിച്ച വേണുഗോപാലൻ നായർ ചികിത്സക്ക് പണം ലഭിക്കാതെ ജീവനൊടുക്കുകയായിരുന്നെന്നാണ് ആരോപണം. 16 ലക്ഷം രൂപയോളമാണ് വേണുഗോപാലൻ നായർക്ക് ബാങ്കിൽനിന്ന് ലഭിക്കാനുള്ളത്. തഴക്കര വെളുത്താടത്ത് കിഴക്കതിൽ എൻ. രാജൻ ശ്വാസകോശ അർബുദ ചികിത്സക്കായി ബാങ്കിനെ നിരവധി തവണ സമീപിച്ചെങ്കിലും പണം ലഭ്യമാകാതെ മരണത്തിന് കീഴടങ്ങി. മകളുടെ പേരിൽ തഴക്കര ശാഖയിൽ അഞ്ചുലക്ഷത്തോളം രൂപ നിക്ഷേപമുള്ളപ്പോഴായിരുന്നു രാജന് ഈ ദുർഗതി. കൂലിപ്പണിക്കാരനായ ചെന്നിത്തല കിഴക്കേവഴി തോപ്പിൽ വാസു ഭാര്യയുടെ പേരിൽ നിക്ഷേപിച്ച തുക ലഭ്യമാകാത്തതിനെ തുടർന്നാണ് ബാങ്കിന്റെ പടവുകൾ ഇറങ്ങുംവഴി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ചത്.

ഭിലായ് സ്റ്റീൽ പ്ലാന്റിൽ ജീവിതകാലം അധ്വാനിച്ച് നേടിയ പണം, തഴക്കര ശാഖയിൽ നിക്ഷേപിച്ചത് നഷ്ടമായതിനുപിന്നാലെയാണ് പുളിമൂട്ടിൽ പി.എൻ. നടരാജനും ഭാര്യ പി.കെ. ശാന്തമ്മാളും മരിച്ചത്. ഇരുവർക്കുമായി 23 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. അർബുദ ബാധിതനായ തഴക്കര ആതിരയിൽ എം. രാമനാഥപിള്ള, വൃക്കരോഗിയായ ചെന്നിത്തല വിളയിൽ രാമകൃഷ്ണൻ എന്നിവർക്കൊന്നും ചികിത്സ സമയത്ത് പണം ലഭിച്ചിരുന്നില്ല. ഇവരും പിന്നീട് മരണത്തിന് കീഴടങ്ങി.

2016 ഡിസംബറിലാണ് കോൺഗ്രസ് ഭരണസമിതി ഭരിച്ച മാവേലിക്കര സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പ് പുറത്തുവരുന്നത്. 38 കോടിയുടെ തട്ടിപ്പാണ് ആദ്യഘട്ടത്തിൽ കണക്കാക്കിയത്. 

Tags:    
News Summary - mavelikara Bank fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.