പെരിന്തൽമണ്ണ: കൊറിയർ സർവിസ് വഴി മയക്കുമരുന്ന്, കഞ്ചാവ് കൈമാറ്റം നടക്കുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് തടയാൻ എക്സൈസ് വകുപ്പ് നടപടി തുടങ്ങി. അവ്യക്ത മേൽവിലാസത്തിലാണ് ഇത്തരം പൊതികൾ കൊറിയർ കേന്ദ്രങ്ങളിലെത്തുന്നത്.
അയച്ചയാളുടെയും കൈപ്പറ്റുന്നയാളുടെയും കൃത്യമായ മേൽവിലാസമുണ്ടാവില്ല. അയച്ചയാളും കൈപ്പറ്റേണ്ടയാളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനാൽ നിശ്ചിത ദിവസങ്ങളിൽ പാർസൽ കൊറിയർ കേന്ദ്രത്തിലെത്തുമെന്ന വിവരം ലഭിക്കും. വിലാസത്തോടൊപ്പം തെറ്റായ ഫോൺ നമ്പറാണ് നൽകാറുള്ളത്. കൈപ്പറ്റാത്ത കൊറിയറുകളുടെ കൂട്ടത്തിൽ ഏതാനും ദിവസങ്ങൾ സൂക്ഷിക്കുമെന്നതിനാൽ കൈപ്പറ്റേണ്ടയാൾ കൊറിയർ കേന്ദ്രത്തിൽ വിളിച്ച് അന്വേഷിക്കും.
അപ്പോൾ കൊറിയർ എത്തിയതായി അറിയിച്ച് കവറിലെഴുതിയ മേൽവിലാസക്കാരനാണെന്ന് ഉറപ്പാക്കി കൈമാറുന്നതാണ് പതിവ് രീതി. കളിപ്പാട്ടമടക്കമുള്ള വസ്തുക്കൾക്കുള്ളിൽ ഇത്തരത്തിൽ മയക്കുമരുന്ന് അയക്കുന്നതായാണ് സൂചന.
വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ പരിശോധിക്കാനോ കണ്ടെത്താനോ കഴിയില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സമാനരീതിയിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് വിവരം ലഭിച്ചതിനാൽ തടയാനുള്ള മാർഗങ്ങൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
കൈപ്പറ്റേണ്ടയാളുടെ അവ്യക്ത വിലാസത്തിലാണ് എത്തിയതെങ്കിൽ കൈമാറാതെ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണമെന്ന് കൊറിയർ സർവിസ് കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പിടികൂടുന്ന എം.ഡി.എം.എ ഭൂരിഭാഗവും ബംഗളൂരു കേന്ദ്രീകരിച്ച് ഉൽപാദിപ്പിച്ച് ഇടനിലക്കാർ വഴിയെത്തുന്നതാണ്. തെളിവ് സഹിതം പിടികൂടുമ്പോളാണ് നാർകോട്ടിക് ആക്ട് അനുസരിച്ചുള്ള കുറ്റകൃത്യം നിലനിൽക്കുക.
കൊറിയർ കേന്ദ്രങ്ങളുടെ അറിവോടെ ഇവയുടെ കൈമാറ്റം നടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.