തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവര ണം നൽകുന്നതിന് സീറ്റ് വർധനവിന് അപേക്ഷിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സർക്കാർ നൽകിയ അനുമതി വിവാദമായി. അപേക്ഷിക്കാൻ സർക്കാർ മെഡിക്കൽ കോളജുകൾേക്ക അനുമതിയുള്ളൂവെന്ന മെഡിക്കൽ കൗൺസിൽ സർക്കുലർ പുറത്തുവന്നതോടെ 22 സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് നൽകിയ അനുമതി സർക്കാർ പിൻവലിച്ചു.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് പത്ത് ശതമാനം സീറ്റിൽ സംവരണത്തിന് തീരുമാനിച്ചത്. ഇതിനായി മെഡിക്കൽ കോളജുകളിൽനിന്ന് പരമാവധി 25 ശതമാനം വരെ സീറ്റ് വർധനക്ക് മെഡിക്കൽ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഇതുപ്രകാരം ന്യൂനപക്ഷ പദവിയുള്ളവയെ ഒഴിവാക്കി എട്ട് സ്വാശ്രയ കോളജുകൾക്ക് ചൊവ്വാഴ്ച സർക്കാർ അനുമതിപത്രം നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. അനുമതി ലഭിക്കാത്തതിനെതിരെ ഏതാനും ന്യൂനപക്ഷ മാനേജ്മെൻറുകൾ രംഗത്തുവന്നു.
എട്ട് കോളജിൽ മെഡിക്കൽ കൗൺസിലിെൻറയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരമില്ലാത്ത പാലക്കാട് ചെർപ്പുളശേരി കേരള, വർക്കല എസ്.ആർ എന്നിവ കയറിക്കൂടിയത് ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കി. വിവാദത്തെ തുടർന്ന് ആദ്യ പട്ടികയിൽ ഇല്ലാതിരുന്ന 14 കോളജുകൾക്കുകൂടി അേപക്ഷിക്കാൻ സർക്കാർ ബുധനാഴ്ച അനുമതി നൽകി. എട്ട് കോളജുകൾക്ക് അനുമതി നൽകിയ കത്തിെല നമ്പറിൽ തന്നെയാണ് ജൂൺ 11 രേഖപ്പെടുത്തി 14 കോളജുകൾക്ക് അനുമതി നൽകിയത്. അപേക്ഷിക്കാനുള്ള തീയതി ജൂൺ 11ന് അവസാനിച്ച ശേഷമാണ് സർക്കാർ രണ്ട് അനുമതി പത്രങ്ങളും നൽകിയതെന്നതാണ് വിചിത്രം. ഇതിന് പിന്നാലെയാണ് അപേക്ഷിക്കാൻ സർക്കാർ കോളജുകൾേക്ക അനുമതിയുള്ളൂവെന്ന് കഴിഞ്ഞമാസം മെഡിക്കൽ കൗൺസിൽ പുറത്തിറക്കിയ സർക്കുലർ പുറത്തുവന്നത്. ഇതോടെ വെട്ടിലായ ആരോഗ്യവകുപ്പ് വൈകീേട്ടാടെ മുഴുവൻ സ്വാശ്രയ കോളജുകൾക്കും പുതിയ കത്ത് നൽകി. 22 സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും നൽകിയ അനുമതി പിൻവലിച്ചു.
സർക്കാർ മെഡിക്കൽ കോളജുകൾേക്ക സീറ്റ് വർധനക്ക് അനുമതിയുള്ളൂവെന്നും ആക്ഷേപമുണ്ടെങ്കിൽ മെഡിക്കൽ കൗൺസിൽ മുമ്പാകെ ഉന്നയിക്കാമെന്നുമാണ് കത്ത്. കോഴ ആരോപണത്തിൽ ഉൾപ്പെടുകയും പിന്നീട് അംഗീകാരം നഷ്ടപ്പെടുകയും ചെയ്ത വർക്കല എസ്.ആർ, അംഗീകാര പ്രശ്നവും അസൗകര്യങ്ങളും കാരണം അടച്ചുപൂട്ടലിലെത്തിയ ചെർപ്പുളശേരി കേരള എന്നിവക്ക് എങ്ങനെ നൽകിയെന്ന് ആരോഗ്യവകുപ്പിന് വിശദീകരിക്കാനാകുന്നില്ല. അതേസമയം, ഒമ്പത് സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധനക്ക് പ്രിൻസിപ്പൽമാർ 11ന് തന്നെ അപേക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.