കൊച്ചി മെട്രോ: ഭൂമി നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നൽകണം -ഹൈകോടതി

കൊച്ചി: മെട്രോ റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. നഷ്ടപരിഹാരത്തിന്‍റെ 80 ശതമാനം മാത്രം കൈപറ്റിയവര്‍ക്ക് ബാക്കി തുക പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വര്‍ധിപ്പിച്ചു നല്‍കണമെന്നായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് കൊച്ചി മെട്രോ അപ്പീല്‍ സമര്‍പ്പിച്ചത്. 

തങ്ങളുടെ നഷ്ടപരിഹാര ആവശ്യം ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് പറയുന്നു. ഇത് കലക്ടര്‍ ആറ് ആഴ്ചക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണം. നഷ്ടപരിഹാരത്തിന് പലിശ കണക്കാക്കുമ്പോള്‍ ഭൂമിയുടെ കൈവശാവകാശം കൈമാറിയ തീയതി പരിഗണിക്കണം. ആദ്യം നല്‍കിയ 80 ശതമാനം തുകക്ക് പലിശ കണക്കു കൂട്ടരുത്. ബാക്കിയുള്ള 20 ശതമാനം തുക നല്‍കുന്നതിന് മുമ്പേ ഉടമകള്‍ സെയില്‍ ഡീഡ് തയാറാക്കണം. 12 ഭൂവുടമകളുമായുള്ള കരാറുകളില്‍ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്ല. പക്ഷെ, കരാറില്‍ ഒരു വശത്ത് സര്‍ക്കാരായതിനാല്‍ അവരോട് വിവേചനം കാണിക്കരുത്. അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള ആനൂകൂല്യം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

കൊച്ചി മെട്രോക്ക് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പക്ഷെ, ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ മെട്രോയും സര്‍ക്കാരും ഭൂവുടമകളുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തി. എല്ലാവരുമായും പ്രത്യേകം കരാറുകള്‍ ഒപ്പിട്ടു. പുതിയ നിയമ പ്രകാരം ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് നല്‍കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരം ഉടമകള്‍ നഷ്ടപരിഹാരം തേടി സമീപിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. തുടര്‍ന്നാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആ കേസിലെ വിധിക്കെതിരെയാണ് കൊച്ചി മെട്രോ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.
 

Tags:    
News Summary - Metro Rail Land Acquisition Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.