കോട്ടയം: എം.ജി സർവകലാശാല രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽമീഡിയ കാമ്പയിനുമായി ഒന്നാം വർഷ ബിരുദ വിദ്യാർഥികൾ. ജൂൺ 15ന് നിശ്ചയിച്ച പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. യാത്ര സംവിധാനമില്ലാത്തതും ഹോസ്റ്റലുകൾ അടച്ചതും സിലബസ് പൂർത്തിയാക്കാത്തതും ചൂണ്ടിക്കാട്ടി, ഒന്നാംവർഷ ബിരുദ വിദ്യാർഥി കൂട്ടായ്മ, 6029 പേർ ഒപ്പിട്ട ഓൺലൈൻ ഭീമഹരജി വൈസ് ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചു. അടുത്തഘട്ടമായി 10,000 പേരുടെ ഒപ്പ് ശേഖരിച്ച് ഗവർണർക്ക് ഭീമഹരജി നൽകാനാണ് തീരുമാനം.
ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളെ ആസ്പദമാക്കിയാകും പരീക്ഷ എന്ന് പറയുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമല്ലെന്ന് വിദ്യാർഥികൾ പറയുന്നു.
രണ്ടാം സെമസ്റ്ററിെൻറ തുടർച്ചയാണ് മൂന്നാം സെമസ്റ്റർ. രണ്ടാം സെമസ്റ്ററിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാതെ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത് പഠനത്തിൽ വിടവ് സൃഷ്ടിക്കും. പ്രാക്ടിക്കൽ ഇല്ലാതെ അടുത്ത സെമസ്റ്ററിലേക്ക് കടക്കുന്നത് പ്രായോഗിക പരിജ്ഞാനെത്തയും ബാധിക്കും. അവശേഷിക്കുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ ഓൺലൈൻ സമ്പ്രദായങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും ശാസ്ത്ര വിഷയങ്ങളുടെ പ്രാക്ടിക്കലുകൾക്ക് ഇത് പ്രായോഗികമല്ല. മിക്ക വിദ്യാർഥികളുടെയും പുസ്തകങ്ങളും പഠനോപകരണങ്ങളും ഹോസ്റ്റലിൽ ആണ്.
ഇതുമൂലം പരീക്ഷക്ക് വേണ്ട തയാറെടുപ്പുകൾ നടത്താൻ പലർക്കും സാധിച്ചിട്ടില്ല. ഗതാഗതമാർഗങ്ങളില്ലാതെ തങ്ങൾ എങ്ങനെ പരീക്ഷക്ക് എത്തുമെന്നും വയനാട്ടിൽനിന്നുള്ള വിദ്യാർഥികളടക്കം ചോദിക്കുന്നു. കോവിഡ് ഭീതി മാറി സാഹചര്യം അനുകൂലമാകുന്നതുവരെ പരീക്ഷ മാറ്റിവെക്കണമെന്നും ക്ലാസ് റൂം അധ്യാപനവും പഠനവും പ്രാക്ടിക്കൽ പരിശീലനവും നടത്തിയ ശേഷമേ തിയറി - പ്രാക്ടിക്കൽ പരീക്ഷകൾ നടത്താവൂ എന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.