കോട്ടയം: എം.ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സംഭവം സമഗ്രമായി അന്വേഷിക്കാൻ നാലംഗ സമിതിയെ നിയമിച്ചു. തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിട്ടതിനു മുമ്പുനടന്ന, നാലുശതമാനം സംവരണാടിസ്ഥാനത്തില്‍ ജീവനക്കാരിയുടെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ക്രമപ്രകാരമാണെന്നും യോഗം അറിയിച്ചു.സിൻഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, ഡോ. ബി. കേരള വർമ, ഡോ. എ. ജോസ്, ഡോ. ഷാജില ബീവി എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.
2020 ജനുവരി ഒന്നു മുതല്‍ എം.ബി.എ സെക്ഷനില്‍ നടന്ന പരീക്ഷസംബന്ധമായ ജോലികൾ, പോസ്റ്റ് റിസള്‍ട്ട് കറക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, എം.ബി.എ സെക്ഷനിലെ മൊത്തം പ്രക്രിയകള്‍, പരീക്ഷഭവനിലെ അസി. സെക്ഷന്‍ ഓഫിസര്‍ തസ്തികകളില്‍ ഒരു ജീവനക്കാരന് തുടരുന്ന കാലഘട്ടങ്ങള്‍ /സാഹചര്യങ്ങള്‍, ഓരോ സെക്ഷനിലെയും പെന്‍ഡിങ് ഫയലുകളുടെ സ്റ്റാറ്റസ്, മേഴ്സി ചാന്‍സ് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്ന രീതി എന്നിവ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇതോടൊപ്പം കൈക്കൂലി വിവാദത്തിന്റെ അടിസ്ഥാനത്തില്‍, മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ഒരേ സീറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ വിവിധ ബ്രാഞ്ചുകളിലേക്കു സ്ഥലംമാറ്റി നിയമിക്കാനും മറ്റു ബ്രാഞ്ചുകളിലെ ജീവനക്കാരുടെ എണ്ണത്തിലെ പരിമിതി മൂലം ഇതിനു സാധിക്കാതെ വരുന്ന പക്ഷം ഇത്തരക്കാരെ പരീക്ഷ വിഭാഗത്തില്‍ തന്നെ സ്ഥലം മാറ്റാനും രജിസ്ട്രാറിനെ സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.
പരീക്ഷഭവനിലെ ഇടനാഴികളിലും പൊതുയിടങ്ങളിലും സി.സി ടി.വി കാമറകള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിനും മാഗ്നറ്റിക് ഡോറുകള്‍ സ്ഥാപിക്കും. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തും.അപേക്ഷ സമര്‍പ്പിച്ചു ദീര്‍ഘ നാളുകളാവുകയും പരിഹരിക്കപ്പെടാത്തതുമായ, അവസാനം വരെ സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റ് കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്/ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവക്കായുള്ള അപേക്ഷകള്‍ അടിയന്തരമായി തീര്പ്പുകല്പിച്ച് നല്‍കാനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പരീക്ഷ കണ്‍ട്രോളറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.