കൊച്ചി: എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തിയ ശേഷം മാത്രമേ വോട്ടർമാർക്ക് നൽകാവൂവെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകണമെന്നും ജസ്റ്റിസ് സതീഷ് നൈനാൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മഹാരാജാസ് കോളജിലെ കെമിസ്ട്രി വിഭാഗം അസോ. പ്രഫസർ അൽസൺ മാർട്ട് നൽകിയ ഹരജിയിലാണ് ഉത്തരവ്. കൗണ്ടർ ഫോയിലിലും ബാലറ്റ് പേപ്പറിലും ഒരേ സീരിയൽ നമ്പറുള്ളതിനാൽ വോട്ടറെ തിരിച്ചറിയുന്നത് ഒഴിവാക്കാനാണ് കോടതിയുടെ നിർദേശം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.
സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളാണ് ഹരജിക്കാരൻ. മാതൃക ബാലറ്റ് പേപ്പറിൽ കൗണ്ടർ ഫോയിലിലെ സീരിയൽ നമ്പർ എടുത്തെഴുതാൻ നിർദേശമുണ്ട്. ഇങ്ങനെ ചെയ്താൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവർക്ക് വ്യക്തികൾ ആർക്കാണ് വോട്ടു ചെയ്തത് എന്ന് അനയാസം കണ്ടുപിടിക്കാൻ കഴിയുമെന്നും ഇതു തെരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുമെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, ബാലറ്റ് പേപ്പറുകൾ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് അയച്ചു കഴിഞ്ഞെന്ന് സർവകലാശാല വിശദീകരിച്ചു. തുടർന്നാണ് കൂട്ടിക്കലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.