തിരുവനന്തപുരം: കരിങ്കല്‍ക്വാറി പ്രവര്‍ത്തനത്തിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും പ്രാദേശികമായി ഉയരുന്ന തടസ്സങ്ങള്‍ നീക്കാനും തീരുമാനം. ഡിസംബര്‍ 28ന് സംസ്ഥാനത്തെ ഖനന, നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഖനനാനുമതി കാലയളവ് ഒരു വര്‍ഷമെന്നത് പാരിസ്ഥിതികാനുമതി നേടുന്ന കാലയളവായ അഞ്ചുവര്‍ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിയമഭേദഗതി ആവശ്യമാണോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറെ ചുമതലപ്പെടുത്തി.
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനാനുമതി ലഭിച്ച ക്വാറികള്‍ക്ക്, പുതുക്കുമ്പോഴേ പാരിസ്ഥിതികാനുമതി വാങ്ങേണ്ടതുള്ളൂ. ഇക്കാര്യം കലക്ടര്‍മാരെ അറിയിക്കാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തി. ഖനനാനുമതി നേടിയ ക്വാറികള്‍ക്കെതിരെ ജനം സമരം നടത്തുമ്പോള്‍ കലക്ടര്‍മാര്‍ സ്റ്റോപ് മെമ്മോ നല്‍കുന്നതായി ക്വാറി ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഖനനാനുമതി കാലയളവ് അഞ്ചുവര്‍ഷമായി വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലപരിധിയും അഞ്ചുവര്‍ഷമാക്കും. അതിന് ചട്ടഭേദഗതി ആവശ്യമാണോയെന്ന് പരിശോധിച്ച് നിര്‍ദേശം ഒരുമാസത്തിനകം മന്ത്രിസഭയോഗത്തിന്‍െറ പരിഗണനക്ക് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ പുറമ്പോക്കുകളിലെ ധാതുഖനനം പൊതുമേഖലയില്‍ ആക്കാനുള്ള സാധ്യത സംബന്ധിച്ച് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറെ ചുമതലപ്പെടുത്തി. ലാറ്ററൈറ്റ് ഖനനത്തിന് പരിസ്ഥിതി വകുപ്പിന്‍െറ അനുമതി ലഭിക്കാന്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
കളിമണ്ണ് ഖനനത്തിനും സര്‍ക്കാര്‍ പുതുമാര്‍ഗം സ്വീകരിക്കും. സംസ്ഥാനത്തെ നെല്‍വയലുകളില്‍ ധാരാളം കളിമണ്ണ് ശേഖരമുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വരുംമുമ്പ് നികത്തിയ വയലുകളിലെ കളിമണ്ണാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അത് കുഴിച്ചെടുക്കാനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു.
ഇതുസംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ ഏജന്‍സിയെ നിയമിക്കാനും തീരുമാനിച്ചു. റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കളിമണ്ണ് ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും ഭൂഗര്‍ഭ ജലത്തില്‍ അളവില്‍ കുറവുമുണ്ടായിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഖനനം നടത്തണമെന്നാണ് സര്‍ക്കാറിന്‍െറ നിര്‍ദേശം. വ്യവസായ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ റവന്യൂ, വ്യവസായ, കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.