കുറ്റിപ്പുറം: പൊതുമരാമത്ത് മന്ത്രിയുടെ വാഹനം കുഴിയിൽ ചാടിയതോടെ ദേശീയപാതയിലെ കുഴികൾ ഉടൻ അടക്കാൻ മന്ത്രി ഉത്തരവിട്ടു. ദേശീയപാത 66ൽ (പഴയ എൻ.എച്ച് 17) കോട്ടക്കൽ മുതൽ കുറ്റിപ്പുറം പാലം വരെയുള്ള അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാനാണ് മന്ത്രി ജി. സുധാകരെൻറ ഉത്തരവെത്തിയത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് തിരിച്ച് പോകുംവഴിയാണ് മന്ത്രി വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും മധ്യേ ദേശീയപാതയിലെ കുഴികൾ ശ്രദ്ധിച്ചത്. വാഹനം കുറ്റിപ്പുറം കെ.ടി.ഡി.സിക്ക് സമീപമുള്ള വലിയ കുഴിയിൽ ചാടിയതോടെ മന്ത്രി വാഹനത്തിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയറെ ബന്ധപ്പെട്ട് ടെൻഡർ ചെയ്ത പ്രവൃത്തിയാണെന്ന് ഉറപ്പ് വരുത്തി.
മഴ കാരണം അറ്റകുറ്റപ്പണി നീട്ടിവെച്ചതാണെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. ഇതേ തുടർന്ന് ശനിയാഴ്ചതന്നെ പ്രവൃത്തി പുനരാരംഭിക്കാൻ മന്ത്രി കർശന നിർദേശം നൽകി. അല്ലാത്തപക്ഷം കരാറുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേതുടർന്ന് ശനിയാഴ്ച രാവിലെതന്നെ കുറ്റിപ്പുറം പാലം പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങി. കരാറുകാരുടെ അലംഭാവം കാരണം മുടങ്ങിയ പ്രവൃത്തി മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുനരാരംഭിച്ചത് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഏറെ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.