വർക്കല: ഇന്ത്യയിൽ ഇന്നും ജാതീയത നിലനിൽക്കുന്നെന്നും അതിനെതിരായ പോരാട്ടം തുടരണമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. 90ാമത് ശിവഗിരി തീർഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശീയ വനിത ഇന്ത്യൻ പ്രസിഡന്റായതും അവർ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തതും നമുക്ക് അഭിമാനമാണ്.
എന്നാൽ, അതേദിവസം തന്നെ ഉന്നതകുലജാതരായ കുട്ടികൾക്കായി കുടിവെള്ളം നിറച്ച പാത്രത്തിൽ തൊട്ടതിന് ഏഴ് വയസ്സുള്ള കുട്ടി അധ്യാപകന്റെ മർദനമേറ്റ് മരിക്കുകയും ചെയ്തു. ഇതു നമ്മെ നടുക്കുകയും രാജ്യത്തിന് നാണക്കേടാവുകയും ചെയ്തു. ഇത്തരം ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള വലിയ പോരാട്ടമാണ് ശ്രീനാരായണ ഗുരു തുടങ്ങിവെച്ചത്. ആ പോരാട്ടം തുടരാൻ നാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യാതിഥിയായിരുന്നു. ഡോ. പി. മുഹമ്മദലി, എം.കെ. രാഘവൻ എം.പി, എ.എ. റഹീം എം.പി, എം.എൽ.എമാരായ അഡ്വ.വി. ജോയി, യു. പ്രതിഭ, പ്രമോദ് നാരായണൻ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ നഗരസഭ ചെയർമാൻ കെ.എം. ലാജി, ശോഭ സുരേന്ദ്രൻ, അരയക്കണ്ടി സന്തോഷ്, അജി എസ്.ആർ.എം, രാജി, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.