കോഴിക്കോട്: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ. രാജൻ. പ്രത്യേക പരിരക്ഷക്ക് അർഹതയുള്ള ജനവിഭാഗമാണ് ലക്ഷദ്വീപുകാർ. സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ഒരു ഭൂപ്രദേശത്തേയും പ്രത്യേക സംരക്ഷണമർഹിക്കുന്ന ജനതതേയും കഴിഞ്ഞ ഡിസംബറിൽ മാത്രം ഭരണാധികാരിയായി ചാർജ്ജെടുത്ത ഒരു സംഘപരിവാർ നേതാവ് കേവലം അഞ്ചുമാസം കൊണ്ട് തകർത്തെറിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
സംഘ പരിവാറിന്‍റെ വർഗീയ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും ഇഴപിരിക്കാനാകാത്ത വിധം ഒന്നായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അപകടകരമായ വർഗീയ രാഷ്ട്രീയവും ലാഭക്കണ്ണുള്ള കുത്തകകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്‍റെ ഉദാഹരണമാണ് ലക്ഷദ്വീപിൽ ഇപ്പോൾ കാണുന്നത്.
മുസ്ലിം മത വിശ്വസം പിൻതുടരുന്ന പട്ടികവർഗ ജനതയെ അവർ ഉന്നം വെക്കുന്നു. ദമാൻ തീരത്തെ ഗോത്ര ജനതയെ തീരത്തു നിന്നൊഴിപ്പിച്ച് ചേരിയിലേക്ക് തള്ളിവിടുകയും തീരം ടൂറിസത്തിൻ്റെ മറവിൽ കുത്തകൾക്ക് കൈമാറുകയും ചെയ്ത ഭരണാധികാരിയാണ് ഇന്ന് ലക്ഷദ്വീപിൻ്റേയും അഡ്മിനിസ്ട്രേറ്റർ. അതേ ലക്ഷ്യത്തിനായി അതേ മാർഗം ഇവിടേയും പിൻതുടരാനുള്ള മുന്നൊരുക്കമായി വേണം ഇപ്പോൾ ലക്ഷദ്വീപിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളെ മനസിലാക്കേണ്ടത് എന്നു തോന്നുന്നു -മന്ത്രി രാജൻ പറയുന്നു.
#Save_Lakshadweep
ലക്ഷദ്വീപ് എന്ന നാട് സുന്ദരമാകുന്നത് അവിടുത്തെ ഭൂപ്രകൃതിയുടെ മനോഹാരിത കൊണ്ടു മാത്രമല്ല, അവിടെ അധിവസിക്കുന്ന ജനതയുടെ അങ്ങേയറ്റം പ്രകൃതിയോടിണങ്ങിയതും മാനവികവുമായ ജീവിത സംസ്ക്കാരം കൊണ്ടു കൂടിയാണ്.കരയിൽ നിന്നൊറ്റപ്പെട്ടു കഴിയുന്ന ആ ജനങ്ങളോട് സവിശേഷമായ കരുതലും സംരക്ഷണവും ഭരണഘടനാപരമായി നൽകാൻ സ്വതന്ത്ര ഇന്ത്യ ജാഗ്രത കാണിച്ചു വന്നിരുന്നു എന്നത് ചരിത്രമാണ്.അത് ഒരു തദ്ദേശിയ ജനത എന്ന നിലയിൽ ലക്ഷദ്വീപ് നിവാസികളുടെ അവകാശമായിരുന്നു.
THE CONSTITUTION (SCHEDULED TRIBES) [(UNION TERRITORIES)] ORDER, 1951 പ്രകാരമുള്ള സംരക്ഷണത്തിന് അർഹരായ ജനവിഭാഗമാണ് ലക്ഷദ്വീപിലെ ജനങ്ങൾ. 2007 ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ നിയമഭേദഗതി പ്രകാരം ലക്ഷദ്വീപിനു പുറത്ത് ഇന്ത്യയിലെവിടെയും ജനിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ മക്കൾക്കും പ്രത്യേക പരിരക്ഷക്ക് അർഹതയുണ്ട്. സ്വതന്ത്ര ഇന്ത്യ നാളിതേവരെ ലക്ഷദ്വീപിൻ്റെ ഭൂപ്രകൃതികേയും സാംസ്കാരിക സവിശേഷതകളേയും സംരക്ഷിച്ചു വരികയായിരുന്നു.
ഇന്ത്യൻ ഭരണഘടന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷകൾ നൽകി വരുന്നുണ്ട്.2007 ൽ ഒരു പടി കൂടെ കടന്ന് ഐക്യരാഷ്ട്രസഭയുടെ Declaration on the Rights of Indigenous Peoples (UNDRIP) ൽ ഇന്ത്യ ഒപ്പുവച്ചു.നമ്മുടെ നാട്ടിലെ പ്രാദേശിക ഗോത്ര ജന വിഭാഗങ്ങളെ സംരക്ഷിക്കാൻ ഈ നാടിൻ്റെ നിയമസംവിധാനങ്ങൾ കാണിച്ച സൂക്ഷ്മതയായി വേണം ഭരണഘടന മുതൽ UNDRIPവരെയുള്ള കാര്യങ്ങളെ മനസിലാക്കാൻ.
ഇത്രയെല്ലാമുണ്ടായിട്ടും പ്രസ്തുത വിഭാഗത്തിൽപ്പെട്ട ജനങ്ങൾ കൊടിയ ചൂഷണത്തിനും വിവേചനത്തിനും ഇരകളാകുന്നു എന്നത് ദു:ഖകരമായ യാഥാർത്യമാണ്. നവ ഉദാരീകരണ നയങ്ങളും ചങ്ങാത്ത മുതലാളിത്തവും ഗോത്ര ജന വിഭാഗങ്ങളുടെ ജീവിതം ഇന്ന് ദു:സഹമാക്കുകയാണ്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നവും മനോഹരവുമായ പാരമ്പര്യ ആവാസ മേഖലകളെ അക്കൂട്ടർ കണ്ണുവക്കുകയും അവരുടെ ജീവനോപാധികൾ തകർക്കുകയും തലമുറകളായി നൈസർഗികമായി കൈവശം വച്ചു വരുന്ന ഭൂമിയുൾപ്പെടെയുള്ള വിഭവങ്ങൾ കവരുകയും ചെയ്യുന്നു.
സംഘ പരിവാറിൻ്റെ വർഗീയ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും ഇഴപിരിക്കാനാകാത്ത വിധം ഒന്നായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.അപകടകരമായ വർഗീയ രാഷ്ട്രീയവും ലാഭക്കണ്ണുള്ള കുത്തകകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിൻ്റെ ഉദാഹരണമാണ് ലക്ഷദ്വീപിൽ ഇപ്പോൾ കാണുന്നത്, മുസ്ളിം മത വിശ്വസം പിൻതുടരുന്ന പട്ടികവർഗ ജനതയെ അവർ ഉന്നം വക്കുന്നു. ദമാൻ തീരത്തെ ഗോത്ര ജനതയെ തീരത്തു നിന്നൊഴിപ്പിച്ച് ചേരിയിലേക്ക് തള്ളിവിടുകയും തീരം ടൂറിസത്തിൻ്റെ മറവിൽ കുത്തകൾക്ക് കൈമാറുകയും ചെയ്ത ഭരണാധികാരിയാണ് ഇന്ന് ലക്ഷദ്വീപിൻ്റേയും അഡ്മിനിസ്ട്രേറ്റർ.അതേ ലക്ഷ്യത്തിനായി അതേ മാർഗം ഇവിടേയും പിൻതുടരാനുള്ള മുന്നൊരുക്കമായി വേണം ഇപ്പോൾ ലക്ഷദ്വീപിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളെ മനസിലാക്കേണ്ടത് എന്നു തോന്നുന്നു.
ബേപ്പൂർ തുറമുഖവുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു.സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുന്നു, രണ്ടു കുട്ടികളിലധികമുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ചട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു, ജനവാസമില്ലാത്തതതും ടൂറിസത്തിനായി മാത്രം ഉപയോഗപ്പെടുത്തി വരുന്നതുമായ ദ്വീപിൽ മാത്രം മദ്യം ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്ന സ്ഥിതി മാറ്റി, ജനവാസ കേന്ദ്രങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കുന്നു. നാട്ടുകാർ ഉപയോഗിച്ചു ശീലിക്കാത്ത മദ്യം പ്രചരിപ്പിക്കുക മാത്രമല്ല, അവർ ഉപയോഗിച്ചു വന്നിരുന്ന മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്നു. ക്രൈം റേറ്റ് വളരെ കുറഞ്ഞ പ്രദേശത്ത് ഗുണ്ടാ നിയമം കൊണ്ടുവരുന്നു, ഇതോടൊപ്പം നിരവധി തൊഴിലാളികളേയും പിരിച്ചുവിട്ടതായും വിവരമുണ്ട്.കോടതികളിൽ നിന്ന് പബ്ളിക് പ്രോസിക്യൂട്ടർമാരെ പിൻവലിച്ച വിചിത്രമായ നടപടിയിൽ ഇന്നലെ ഹെക്കോടതി തന്നെ ഇടപെടുകയുണ്ടായി.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഒരു കോവിഡ് കേസുപോലുമില്ലാതിരുന്ന ഒരു പ്രദേശത്തെ ജനങ്ങളെ മഹാമാരിയിലേക്ക് തള്ളിവിട്ടു, ( Standard Operation Procedure - SOP ) നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിതെനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ പോലും കർശനമായ നിയമങ്ങളുപയോഗിച്ച് നേരിട്ടു.പരിമിതമായ ആശുപത്രി സംവിധാനങ്ങൾ മാത്രമുള്ള ഒരു ചെറു ദ്വീപിൽ കോവിഡ് പോലുള്ള മഹാമാരി അതിതീവ്രമായി വ്യാപിച്ചാൽ അതിൻ്റെ പ്രത്യാഘാതം എത്ര മാരകമായിരിക്കും.
ഇതിനും പുറമേ ദ്വീപ് നിവാസികൾ അവരുടെ വള്ളവും വലയും സൂക്ഷിക്കാനായി തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന ഷെഡുകൾ തകർത്തു.കഴിഞ്ഞ ടൗട്ടെ ചുഴലിയുടെ പശ്ചാത്തലത്തിൽ നിരവധി ബോട്ടുകൾ നശിക്കാനിടയാക്കിയത് ഈ നടപടിയാണ് എന്ന് ദ്വീപിലുള്ളവർ പറയുന്നു.
സ്വാതന്ത്ര്യത്തിൻ്റെ ഏഴു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ഒരു ഭൂപ്രദേശത്തേയും പ്രത്യേക സംരക്ഷണമർഹിക്കുന്ന ജനതതേയും കഴിഞ്ഞ ഡിസംബറിൽ മാത്രം ഭരണാധികാരിയായി ചാർജ്ജെടുത്ത ഒരു സംഘപരിവാർ നേതാവ് കേവലം അഞ്ചുമാസം കൊണ്ട് തകർത്തെറിഞ്ഞതെങ്ങനെയെന്ന് മേൽപറഞ്ഞ നടപടികളിൽ നിന്നു വ്യക്തമാണ്.ദമാൻ തീരത്തു നടന്നത് ലക്ഷദ്വീപിൽ ആവർത്തിക്കാൻ അനുവദിക്കരുത്.മലയാളികളും ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളായ ഇന്ത്യാക്കാരും ലക്ഷദ്വീപിനായി അണിചേരുകയാണ്.ലക്ഷദ്വീപ് ജനതക്ക് എൻ്റെ ഐക്യദാർഢ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.